മുംബൈ: കൊറോണ വൈറസ് വ്യാപനം തടയുന്നതിൽ മഹാരാഷ്ട്ര സർക്കാർ പരാജയപ്പെട്ടതായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നവിസ്. രോഗികളെന്ന് സംശയിക്കുന്ന രോഗലക്ഷണമില്ലാത്തവരെ പരിശോധിക്കാൻ സർക്കാർ സംവിധാനങ്ങൾ തയ്യാറാകുന്നില്ലെന്നും സഖ്യസർക്കാർ സംസ്ഥാനത്തെ രോഗബാധയുടെ യഥാർത്ഥ ചിത്രം മറച്ച് വെക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിസന്ധിയോടുള്ള സംസ്ഥാന സർക്കാരിന്റെ ദുർബലമായ സമീപനത്തിന് ജനങ്ങൾ വില കൊടുക്കേണ്ടി വരികയാണെന്നും ഇത് കണ്ടില്ലെന്ന് നടിച്ച് മാറി നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മാലേഗാവിലെ ശ്മശാനത്തിൽ മറവ് ചെയ്യപ്പെടുന്ന മൃതദേഹങ്ങളുടെ എണ്ണം വർദ്ധിക്കുകയാണ്. പരിശോധനാ ഫലം വരുന്നതിന് മുൻപേ രോഗബാധ സംശയിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ട് കൊടുക്കുന്ന നടപടി തികഞ്ഞ അലംഭാവവും വഞ്ചനയുമാണെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്നവിസ് പറഞ്ഞു.
ധാരാവിയിൽ രോഗബാധ നിയന്ത്രണാതീതമായി പടരുകയാണ്. ഇവിടെ ഫലപ്രദമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നതിലും ക്വാറന്റീൻ ഏർപ്പെടുത്തുന്നതിലും സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളും അസ്വസ്ഥരാണെന്നും അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തുന്നില്ലെന്നും മുൻ മുഖ്യമന്ത്രിയായ ഫഡ്നവിസ് കുറ്റപ്പെടുത്തി.
അതേസമയം മഹാരാഷ്ട്രയിൽ കൊവിഡ് ബാധിതരുടെ എണ്ണം 7628 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധിതർ ഇവിടെയാണ്. സംസ്ഥാനത്തെ 80 ശതമാനം രോഗികളും രോഗലക്ഷണമില്ലാത്ത രോഗവാഹകരാണെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ നേരത്തെ വ്യക്തമാക്കിയിരുന്നു.
Discussion about this post