ഡൽഹി: ഇന്ത്യയുടെ സാമ്പത്തിക മേഖല സ്വയം പര്യാപ്തമെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ. ലോക്ക് ഡൗണിന് ശേഷമുള്ള നാളുകളിൽ പാവപ്പെട്ടവർക്ക് വേണ്ടി 65000 കോടി രൂപ മാറ്റിവെക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക്ക്ഡൗണിനെ തുടർന്നുള്ള നാളുകളിൽ ഇന്ത്യ നയപരമായ സമീപനം കൈക്കൊള്ളണം. ജനങ്ങൾ പുറത്തിറങ്ങുന്നതിന് മുൻപ് സമഗ്രമായ വൈറസ് പരിശോധന നടത്തണം. വൈറസ് വ്യാപനം തടയുന്ന കാര്യത്തിൽ വിട്ടുവീഴ്ച പാടില്ലെന്നും അദ്ദേഹം നിർദ്ദേശിച്ചു.
ലോക്ക്ഡൗൺ നീക്കുന്ന സമയം പാഴാക്കാതെ നാം ആഗോള സാമ്പത്തിക രംഗത്തെ ഗതിവിഗതികൾ കൃത്യമായി വിലയിരുത്തണം. നിലവിലെ ആഗോള സാമ്പത്തിക സാഹചര്യത്തിൽ ഇന്ത്യക്ക് നിയന്ത്രിക്കാൻ കഴിയുന്ന പല മേഖലകളുമുണ്ട്. നാം അവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് മുന്നോട്ട് പോയാൽ നിർണ്ണായകമായ മുന്നേറ്റമുണ്ടാക്കാൻ നമുക്ക് സാധിക്കുമെന്നും രഘുറാം രാജൻ അഭിപ്രായപ്പെട്ടു.
കോൺഗ്രസ്സ് നേതാക്കൾ ഉൾപ്പെടുന്ന പ്രമുഖരോട് വീഡിയോ കോൺഫറൻസിംഗ് വഴി സംവദിക്കവെയായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക നില നിലവിൽ ഭദ്രമാണെന്ന് റിസർവ് ബാങ്ക് മുൻ ഗവർണ്ണർ രഘുറാം രാജൻ വ്യക്തമാക്കിയത്.











