വാഷിംഗ്ടൺ: കൊറോണ വൈറസ് വ്യാപനത്തിൽ ലോകാരോഗ്യ സംഘനയ്ക്കെതിരായ നിലപാട് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ്. ലോകാരോഗ്യ സംഘടന ചൈനയോട് അമിത വിധേയത്വം പുലർത്തുന്നുവെന്നും അവർ ചൈനയുടെ കുഴലൂത്ത് ജോലിയാണ് ചെയ്യുന്നതെന്നും ട്രമ്പ് ആഞ്ഞടിച്ചു.
ലോകാരോഗ്യ സംഘടന നമ്മളെ വഴിതെറ്റിക്കുകയാണ്. അവർക്ക് അറിയാത്ത പല കാര്യങ്ങളും അമേരിക്കക്ക് അറിയാം. അവർക്ക് അറിയാത്തതാണോ അതോ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുകയാണോ എന്നതാണ് വ്യക്തമാക്കേണ്ടത്. ഏതായാലും ഇക്കാര്യത്തിൽ ഉടൻ ഒരു തീരുമാനം ഉണ്ടാകും. ട്രമ്പ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊറോണ വൈറസ് വ്യാപനത്തിന് പിന്നിൽ ചൈനയാണെന്ന് ഡൊണാൾഡ് ട്രമ്പ് നേരത്തെ ആരോപിച്ചിരുന്നു. ഇക്കാര്യത്തിൽ ലോകാരോഗ്യ സംഘടനയുടെ നിലപാട് ചൈനക്ക് അനുകൂലമാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിഷയത്തിൽ അമേരിക്ക സമഗ്രമായ അന്വേഷണം പ്രഖ്യാപിക്കുകയും ലോകാരോഗ്യ സംഘടനയ്ക്ക് നൽകി വരുന്ന സാമ്പത്തിക സഹായം നിർത്തലാക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു.












