റഷ്യൻ തീരങ്ങളിൽ വിശ്രമിക്കുന്ന കപ്പലിലെ കൂറ്റൻ ബോംബ് പാശ്ചാത്യ മാധ്യമങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുകയാണ്.മാസങ്ങൾക്കു മുമ്പ് കപ്പലിൽ ഘടിപ്പിച്ച നിലയിൽ കാണപ്പെട്ട വസ്തു എന്താണെന്ന കാര്യം വിദഗ്ധർ ഇപ്പോഴാണ് പുറത്തുവിട്ടത്.
ഫെബ്രുവരിയിലാണ് റഷ്യൻ കപ്പലായ അക്കാദമിക് അലക്സാൻഡ്രോവിൽ ഘടിപ്പിച്ച നിലയിൽ ഒരു കൂറ്റൻ വസ്തു പാശ്ചാത്യ മാധ്യമങ്ങളുടെ കണ്ണിൽപ്പെട്ടത്.പ്രഥമദൃഷ്ട്യാ, റഷ്യയുടെ മാരകായുധങ്ങളിൽ ഒന്നായ പോസിഡോൺ എന്ന ന്യൂക്ലിയർ ഡ്രോണിന്റെ നവീകരിച്ച പതിപ്പാണ് എന്നായിരുന്നു മാധ്യമങ്ങൾ കരുതിയത്.സുനാമി സൃഷ്ടാവ് എന്ന് വിളിക്കുന്ന പോസിഡോണിന് ഒരു തുറമുഖ നഗരമപ്പാടെ നശിപ്പിക്കാൻ ശേഷിയുണ്ട്.എന്നാൽ, ഇക്കഴിഞ്ഞ പന്ത്രണ്ടാം തീയതി റഷ്യ പതിയെ കപ്പൽ ആർട്ടിക് സമുദ്രത്തിലെ തുറമുഖമായ സെവെറോമോഴ്സ്കിലേക്ക് മാറ്റിയതോടെയാണ് വിദഗ്ധരുടെ സൈനിക ബുദ്ധി ഉണർന്നത്.
തുടർന്നുള്ള അന്വേഷണത്തിൽ, റഷ്യയുടെ വജ്രായുധങ്ങളിൽ ഒന്നായ സ്കിഫ് മിസൈലാണ് അതെന്ന് പ്രതിരോധ വിദഗ്ധർ കണ്ടെത്തി. അന്ത്യവിധി ദിന ബോംബ് അഥവാ, ഡൂംസ് ഡേ ബോംബ് എന്നാണ് ഈ മിസൈൽ അറിയപ്പെടുന്നത്.ആണവായുധം ഘടിപ്പിക്കാതെ തന്നെ 25 മീറ്റർ നീളമുള്ള ഈ ബോംബിന്റെ റഷ്യ വെളിച്ചം കാണിക്കാത്ത നവീകരിച്ച പതിപ്പുകളുടെ ഭാരം 50-100 ടൺ വരെയാണെന്നാണ് റിപ്പോർട്ടുകൾ വെളിപ്പെടുത്തുന്നത്. 9,000 കിലോമീറ്റർ പ്രഹരപരിധിയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ മിസൈലിന്റെ പ്രഹരശേഷിയെക്കുറിച്ച് ഊഹക്കണക്കുകൾ മാത്രമേയുള്ളൂ.3,000 അടി താഴ്ചയിൽ അന്തർവാഹിനിയിൽ പരിപാലിക്കപ്പെടുന്ന, കൊബാൾട്ട്-19 റേഡിയോ ആക്ടീവ് മൂലകം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ ഭീകരൻ വളരെ വലിയൊരു ഭൂവിഭാഗത്തെ മുഴുവൻ നിഷ്പ്രയാസം നിർജീവമാക്കാൻ ശേഷിയുള്ളതാണെന്നാണ് പ്രതിരോധ വിദഗ്ധർ കണക്കു കൂട്ടുന്നത്. പ്രശസ്ത പൗരസ്ത്യ രാഷ്ട്രങ്ങൾ തമ്മിൽ ഒരു യുദ്ധം ഉണ്ടായാൽ വ്‌ളാദിമിർ പുടിന്റെയും റഷ്യയുടെയും സർവാധിപത്യം ഉറപ്പുവരുത്തുന്ന ആയുധങ്ങളിൽ ഒന്നായാണ് ഇതിനെ ലോകം കാണുന്നത്.











Discussion about this post