കോഴിക്കോട്: എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ ലോക്ക് ഡൗൺ ലംഘനം നടത്തിയതായി ഡിജിപിക്ക് പരാതി. ഡി വൈ എഫ് ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയില്‍ പത്തിലധികം പേര്‍ പങ്കെടുത്തെന്നാണ് പരാതി. പരിപാടിയിൽ മന്ത്രി പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. അഞ്ച് പേരിൽ കൂടുതൽ പേർ പങ്കെടുക്കുന്ന പരിപാടികൾ ലോക്ക് ഡൗൺ നിബന്ധനകൾക്ക് വിരുദ്ധമാണ് എന്നിരിക്കെയാണ് പത്തിലധികം പേർ പങ്കെടുത്ത പരിപാടിയിൽ മന്ത്രി പങ്കെടുത്തിരിക്കുന്നത്.
സമൂഹത്തിന് ദ്രോഹം ചെയ്യുകയും തെറ്റായ സന്ദേശം നല്‍കുകയും ചെയ്ത പരിപാടി സംഘടിപ്പിച്ച സംഘടകര്‍ക്കെതിരെയും പങ്കെടുത്തവര്‍ക്കെതിരെയും പകര്‍ച്ചവ്യാധി നിയമപ്രകാരം കേസെടുത്ത് നിയമനടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് സമർപ്പിച്ച പരാതിയിൽ ആവശ്യപ്പെടുന്നു.
നേരത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെതിരെയും സമാനമായ പരാതി ഉയർന്നിരുന്നു. ലോക്ക് ഡൗൺ നിബന്ധനകൾ ലംഘിച്ച് സ്കൂളിൽ വെച്ച് നടത്തിയ പരിപാടിയിൽ അനുവദനീയമായതിനേക്കാൾ കൂടുതൽ ആളുകൾ പങ്കെടുത്തതായും കുട്ടികൾ ഉൾപ്പെടെയുള്ളവർ സാമൂഹിക അകലം പാലിച്ചിരുന്നില്ലെന്നും പരാതിയിൽ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.












