പനാജി: കേന്ദ്രം അനുവദിച്ച പ്രത്യേക ട്രെയിനുകള്‍ക്ക് ഗോവയില്‍ സ്റ്റോപ്പ് പാടില്ലെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത്. മഡ്ഗാവ് സ്റ്റേഷനിലെ സ്റ്റോപ്പ് റദ്ദാക്കണമെന്ന് പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു. മാസങ്ങള്‍ക്ക് ശേഷം ഗോവയില്‍ വ്യാഴാഴ്ച പുതിയ എട്ട് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രത്യേക ട്രെയിനുകള്‍ ഗോവയില്‍ നിര്‍ത്തരുതെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
പ്രത്യേക ട്രെയിനുകളിലോ വിമാനങ്ങളിലോ ഗോവയില്‍ എത്തുന്നവര്‍ വീടുകളില്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്ന് സാവന്ത് പറഞ്ഞു.
ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക ട്രെയിന്‍ ഗോവയിലെ സ്റ്റേഷനില്‍ നിര്‍ത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ന് ഡല്‍ഹിയില്‍ നിന്നും പുറപ്പെട്ട ട്രെയിന്‍ 16 ന് മഗ്ഡാവിലെത്തും. ഇവിടെ ട്രെയിന്‍ നിര്‍ത്താന്‍ പാടില്ലെന്നാണ് സാവന്തിന്റെ ആവശ്യം.
മഡ്ഗാവിലേക്ക് 720 പേര് ടിക്കറ്റ് ബുക്ക് ചെയ്തു എന്നാണ് അറിഞ്ഞത്. ഇതില്‍ ആരും തന്നെ ഗോവക്കാര്‍ അല്ലെന്നാണ് തങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞതെന്നും സാവന്ത് പറയുന്നു.
അവര്‍ ഇവിടെ ഇറങ്ങിയാല്‍ എന്ത് സംഭവിക്കുമെന്നതിനെക്കുറിച്ച് ആശങ്കയുണ്ട്. അവരെ പരിശോധിക്കേണ്ടതുണ്ട്. വീടുകളില്‍ ക്വാറന്റൈനില്‍ ഇരിക്കാന്‍ അവരോട് ആവശ്യപ്പെടും. പക്ഷേ അവര്‍ അങ്ങനെ ചെയ്യുമോ എന്ന് ഉറപ്പില്ല. അതുകൊണ്ടാണ് ട്രെയിന്‍ മഗ്ഡാവ് സ്റ്റേഷന് ഒഴിവാക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചതെന്നും സാവന്ത് കൂട്ടിച്ചേര്‍ത്തു.
14 ദിവസത്തേക്ക് പുറത്തു നിന്ന് എത്തുന്നവര്‍ അതത് ഹോട്ടലുകളിലും വീടിനകത്തും കഴിയേണ്ടിവരും. ബീച്ചുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ അവിടേക്ക് കടക്കാന്‍ കഴിയില്ല. ഉല്ലസിക്കാന്‍ ഇവിടേക്ക് വരേണ്ടതില്ലെന്നും സാവന്ത് ചൂണ്ടിക്കാട്ടി.
Discussion about this post