കോഴിക്കോട് : താമരശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന കര്‍ണാടക സ്വദേശിനിയായ ഡോക്ടര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു.ഇതേ തുടര്‍ന്ന് ആശുപത്രിയില്‍ ഡോക്ടറുമായി സമ്പര്‍ക്കമുണ്ടായവരെ ആരോഗ്യവകുപ്പ് ക്വാറന്റൈനിലാക്കിയിട്ടുണ്ട്.
താമരശ്ശേരിയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിലെ ഡോക്ടര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കര്‍ണാടക സ്വദേശികളായ ഡോക്ടര്‍ ദമ്പതികള്‍ ഇവിടെ ജോലി ചെയ്തുവരികയായിരുന്നു.കര്‍ണാടകയിലേക്ക് തിരികെ പോയി 13ാം ദിവസം വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഈ മാസം അഞ്ചിനാണ് ഇവര്‍ കര്‍ണാടകയിലേക്ക് തിരികെ പോയത്.ഇതേതുടര്‍ന്ന് ആശുപത്രിയിലെ ആറ് ജീവനക്കാരും ഡോക്ടറുടെ അടുത്ത് പരിശോധനക്കെത്തിയ നാല് ഗര്‍ഭിണികളും ഉള്‍പ്പെടെ പത്ത് പേരെ ക്വാറന്റൈനിലാക്കിയിട്ടുണ്ട്.ഡോക്ടറുടെ ഡ്രൈവറുടേതുള്‍പ്പെടെ ഏഴു പേരുടെ സ്രവസാമ്പിളുകള്‍ പരിശോധിക്കും. ഡോക്ടറുമായി സമ്പര്‍ക്കം പുലര്‍ത്തിയ മറ്റുള്ള ആളുകളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.കര്‍ണ്ണാടകയിലെത്തി രോഗം സ്ഥിരീകരിച്ചതിനു ശേഷം ഡോക്ടര്‍മാര്‍ കേരള ആരോഗ്യവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.കേരളത്തില്‍ നിന്നാകാം തങ്ങള്‍ക്ക് രോഗം പകര്‍ന്നതെന്ന സംശയവും ഡോക്ടര്‍മാര്‍ കേരളത്തെ അറിയിച്ചിട്ടുണ്ട്. കര്‍ണാടകയില്‍ തിരിച്ചെത്തിയത് മുതല്‍ ഹോം ക്വാറന്റീനിലായിരുന്നെന്നും മറ്റാരുമായും സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും ഇവര്‍ വ്യക്തമാക്കി.
Discussion about this post