ഒതുക്കുങ്ങല്‍: മലപ്പുറം ഒതുക്കുങ്ങല്‍ അമ്പലവന്‍ കുളപ്പുരയ്ക്കല് ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്ന വാര്‍ത്ത വളരെയേറെ ശ്രദ്ധ നേടിയിരുന്നു. എന്നാല്‍ അതിന്റെ രഹസ്യം ഇപ്പോള്‍ പുറത്ത് വന്നിരിക്കുകയാണ്. വെറ്ററിനറി സര്‍വകശാല ശാസ്ത്ര സംഘം ആണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
പച്ചമുട്ടക്കരുവിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതോടെ വെറ്ററിനറി സര്‍വകലാശാല വൈസ് ചാന്‍സലര്‍ എം.ആര്. ശശീന്ദ്രനാഥിന്റെ നിര്‍ദ്ദേശപ്രകാരം ഡോ.എസ്. ഹരികൃഷ്ണന്, ഡോ. ബിനോജ് ചാക്കോ, ഡോ. ശങ്കര ലിംഗം എന്നിവരടങ്ങുന്ന സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു. കോഴികള്‍ക്ക് നല്കുന്ന ഭക്ഷണത്തില്‍ നിന്ന് ലഭിക്കുന്ന ഏതോ പദാര്‍ഥമാണ് ഈ പച്ച നിറത്തിന് കാരണം എന്നായിരുന്നു ആദ്യ നിഗമനം.
സ്ഥലപരിശോധനയ്ക്ക് ശേഷം കൂടുതല്‍ പരിശോധനയ്ക്കായി കോഴിമുട്ട സാമ്പിളുകള്‍ ശേഖരിച്ച് മണ്ണുത്തിയിലെ കോഴി വളര്‍ത്തല്‍ ഉന്നത പഠന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളെ പ്രത്യേക കൂട്ടിലിടാനും രണ്ടാഴ്ച നല്‍കാനുള്ള ചോളവും, സോയാബീനും ചേര്‍ന്ന സമീകൃത തീറ്റ അധികൃതര്‍ നല്കി. ഒരോ ആഴ്ചയിലും വരുന്ന മാറ്റം നിരീക്ഷിക്കാന്‍ ഒതുക്കുങ്ങല്‍ മൃഗസംരക്ഷണ വകുപ്പ് ഓഫിസര്‍ ഡോ. മായ തമ്പിക്ക് നിര്‍ദ്ദേശം നല്കി. കഴിഞ്ഞയാഴ്ച നടത്തിയ പരിശോധനയിലും നിറവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പഠനത്തിനായി കഴിഞ്ഞ തിങ്കളാഴ്ച സര്‍വകലാശാല അധികൃതര്‍ക്ക് രണ്ട് കോഴികളെ ശിഹാബുദ്ദീന് കൈമാറിയിരുന്നു. കോഴി വളര്‍ത്തല്‍ ഉന്നത പഠനകേന്ദ്രം ഡയറക്ടര്‍ ഡോ.പി. അനിതയുടെ നേതൃത്വത്തില്‍ പഠനം തുടരുന്നതിനിടയില്‍ കഴിഞ്ഞ ദിവസം സര്‍വകലാശാല അധികൃതര്‍ നല്കിയ ഭക്ഷണം രണ്ടാഴ്ച കഴിച്ചതോടെ ഞായറാഴ്ച ഇട്ട കോഴിമുട്ടയുടെ കരു മഞ്ഞ നിറമായി കാണാന്‍ തുടങ്ങി. ശിഹാബുദ്ദീന് ഈ വിവരം സര്‍വകലാശാല അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശിഹാബുദീന് നല്കിയ കോഴികളിട്ട മുട്ടയും അധികൃതര്‍ പരിശോധിച്ചതോടെ നിറമാറ്റം സ്ഥിരീകരിക്കുകയായിരുന്നു.
കൊഴുപ്പില്‍ ലയിക്കുന്ന കൃത്രിമ നിറങ്ങള്‍ നല്‍കിയും, തീറ്റകളില്‍ മാറ്റം വരുത്തിയും ഇത്തരത്തിലുള്ള നിറമാറ്റം വരുത്താന്‍ സാധിക്കുമെന്ന് 1935-ല്‍ തന്നെ പഠന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ടെന്നും ഇത് യാതൊരു വിധ ജനിതക മാറ്റമല്ലെന്നും കണ്ടെത്താന്‍ സര്‍വകലാശാലയ്ക്ക് കഴിഞ്ഞെന്നും ഡോ.എസ് ഹരികൃഷ്ണന് വ്യക്തമാക്കി.
Discussion about this post