പാലക്കാട് : പാലക്കാട് കഞ്ചിക്കോട്ടുള്ള വനിതാ ഹോസ്റ്റലിലെ സുരക്ഷാ ജീവനക്കാരനെ തലയ്ക്കടിച്ചു കൊന്നു.കോഴിക്കോട് സ്വദേശിയായ കണ്ണോത്ത് ജോൺ ആണ് കൊല്ലപ്പെട്ടത്. മരിക്കുമ്പോൾ 69 വയസ്സായിരുന്നു.സംഭവത്തിന്റെ സിസിടീവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.ഈ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും പ്രതിയെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ലായെന്ന് പോലീസ് വ്യക്തമാക്കി.
രാത്രി ആതുരാശ്രമത്തിന്റെ മതിൽ ചാടികടന്ന് ആരോ അകത്തു കയറുകയായിരുന്നത് കണ്ട ആതുരാശ്രമത്തിലെ ജീവനക്കാരി ശബ്‌ദം വെക്കുകയും ഇത് കേട്ട് സെക്യൂരിറ്റി ജീവനക്കാരനായ ജോൺ ഓടിയെത്തുകയുമായിരുന്നു.തുടർന്നുണ്ടായ മൽപിടിത്തത്തിനിടയിലാണ് കുറ്റവാളി ജോണിനെ കയ്യിലുള്ള ഇരുമ്പ് ദണ്ഡ് ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്.ഫോറൻസിക് വിദഗ്ദ്ധരും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.കൊലപാതകം നടത്തിയത് സമീപ പ്രദേശത്തുള്ള ആളായിരിക്കാം എന്നതാണ് പോലീസിന്റെ പ്രാഥമിക നിഗമനം.











