ഡൽഹി: ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട വിഷയത്തിൽ തീരുമാനമെടുക്കാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തിയ അമിത് ഷാ രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയിരുന്നു. തുടർന്നാണ് അദ്ദേഹം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.
ലോക്ക് ഡൗൺ നീട്ടുന്നതുമായി ബന്ധപ്പെട്ട പുതുക്കിയ മാർഗനിർദ്ദേശം കേന്ദ്രം ഉടൻ പുറത്തിറക്കുമെന്നാണ് സൂചന. രാജ്യത്തെ നിലവിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച മൻ കി ബാത്ത് പരിപാടിയിൽ വിശദീകരിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്ത് രോഗികളുടെ എണ്ണം വർദ്ധിക്കുന്നതിനാൽ തീവ്രബാധിത മേഖലകളിൽ കനത്ത നിയന്ത്രണം തുടരുമെന്ന് തന്നെയാണ് സൂചന. ലോക്ക് ഡൗൺ അഞ്ചാം ഘട്ടം പ്രഖ്യാപിക്കുന്നതായി ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് നേരത്തെ വ്യക്തമാക്കിക്കഴിഞ്ഞു. ലോക്ക് ഡൗൺ തുടരണമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഇതിനോടകം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക് ഡൗൺ പൂർണ്ണമായി പിൻവലിക്കാൻ സാദ്ധ്യയതയില്ലെന്നാണ് പൊതുവെയുള്ള നിരീക്ഷണം.
അതേസമയം ലോക്ക്ഡൗണിൽ കൂടുതൽ ഇളവ് വേണം എന്ന ആവശ്യം പല സംസ്ഥാനങ്ങളും മുന്നോട്ട് വെച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനസർവ്വീസ് ഉടനെ വേണ്ടെന്ന നിലപാടാണ് ഭൂരിപക്ഷം സംസ്ഥാനങ്ങളും സ്വീകരിച്ചത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട പ്രഖ്യാപനവും ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
Discussion about this post