കോട്ടയം: വീട്ടമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. കുമരകം സ്വദേശിയായ യുവാവാണ് പൊലീസിന്റെ പിടിയിലായത്. താഴത്തങ്ങാടി സ്വദേശി മുഹമ്മദ് ബിലാലാണ് അറസ്റ്റിലായത്. പ്രതി കുറ്റം സമ്മതിച്ചതായി പോലിസ് പറഞ്ഞു.
ഷാനി മന്‍സിലില്‍ ഷീബയാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് എം.എ.അബ്ദുല്‍ സാലി മെഡിക്കല്‍ കോളജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയാണ്. എറണാകുളത്തെ വീട്ടില്‍നിന്നു സ്വര്‍ണം കണ്ടെടുത്തു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണു പ്രതിയെക്കുറിച്ചു സൂചന ലഭിച്ചത്.
മോഷ്ടിച്ച കാറുമായി പെട്രോള്‍ പമ്പിലെത്തിയ ദൃശ്യങ്ങളാണ് കേസന്വേഷണത്തില്‍ നിര്‍ണായകമായത്. ഇന്നലെ കസ്റ്റഡിയിലെടുത്ത യുവാവിനെ കോട്ടയത്തെ രഹസ്യ കേന്ദ്രത്തിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്. യുവാവിന്റെ സുഹൃത്തുകളെയും പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് കൊലയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതി ചില രേഖകള്‍ കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ ദമ്പതികള്‍ക്ക് ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൊടുക്കല്‍ വാങ്ങലുകളിലെ തര്‍ക്കമാകാം കൊലയ്ക്ക് പിന്നില്‍ എന്നാണ് പൊലീസ് സംശയിക്കുന്നത്. ദമ്പതികളുടെ വീട്ടില്‍ നിന്ന് പണവും രേഖകളും സ്വര്‍ണ്ണവും നഷ്ടപ്പെട്ടിട്ടുണ്ട്.
കൊലപാതകം നടത്തിയ ശേഷം മോഷ്ടിച്ച കാറുമായിട്ടാണ് പ്രതികള്‍ കടന്നത്. ഒന്നിലധികം പേര്‍ കൃത്യത്തില്‍ പങ്കെടുത്തിരുന്നു എന്നാണ് പൊലീന്റെ വിലയിരുത്തല്‍.
മോഷണം പോയ കാര്‍ വൈക്കം വരെ എത്തിയതിന് തെളിവുണ്ട്. അതേസമയം, ഷീബ- സാലി ദമ്പതികളുടെ ദുബായിലുള്ള മകള്‍ ഷാനിയുടെ മൊഴി പൊലീസ് ഫോണിലൂടെ വിശദമായി രേഖപ്പെടുത്തി. ഇനിയും മൊഴി എടുക്കുമെന്നാണ് വിവരം
Discussion about this post