കാളിയമ്പി
”ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ് നീതിപീഠവും മാധ്യമങ്ങളും. കുരച്ചിട്ടും യജമാനന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കേണ്ടിവരും.’
സുപ്രീം കോടതിയിലെ ഒരു ജഡ്ജിയുടെ വാക്കുകളാണിത്. ലോകത്തിനു മുന്‍പില്‍ ഇന്ത്യന്‍ ജുഡീഷ്വറിയെ നോക്കുകുത്തിയാക്കി സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരേ നടത്തിയ ജുഗുപ്‌സാവഹമായ രാഷ്ട്രീയ നാടക സമയത്ത് പുറത്തുവന്നൊരു പഞ്ച് ഡയലോഗ്. കോണ്‍ഗ്രസ്സിനു വേണ്ടി രാഷ്ട്രീയ പിമ്പിങ്ങ് എന്നുമെന്നും നടത്തിക്കൊടുക്കുന്ന സഖാക്കളില്‍ മുഖ്യന്‍ ദൊരൈസ്വാമി രാജയെ ജസ്റ്റിസ് ജസ്തി ചെലമേശ്വര്‌റിന്റെ അടുക്കളപ്പുറത്തു നിന്ന് ‘ഉടുതുണിയഴിഞ്ഞ’ നിലയില്‍ മാദ്ധ്യമങ്ങള്‍ പൊക്കിയപ്പോള്‍ കാറ്റൂരി വിട്ടമാതിരിയായിപ്പോയ അന്തപ്പുര വിപ്ലവം ആരും മറന്നിട്ടുണ്ടാവില്ലല്ലോ.. ജസ്റ്റിസ് കുര്യന്‍ ജോസഫാണ് അന്നി ഡയലോഗ് ഡെലിവറി ചെയ്ത് സൂപ്പര്‍ സ്റ്റാറായത്. അന്നേ രാജ്യം മനസ്സിലാക്കിയതാണ് മലയാളിയായ ഈ മതേതര മഹാത്മാവിന്റെ യഥാര്‍ത്ഥ മുഖം.
അള്‍ത്താര ബാലനായും വിശ്വാസി സേനാ മുന്‍നിരക്കാരനുമായൊക്കെ ഉയര്‍ന്ന് വന്നയാളാണ് ടിയാന്‍. മാണി കോണ്‍ഗ്രസ്സിന്റെ വിദ്യാര്‍ത്ഥിവിഭാഗം നേതാവായി അലക്കിത്തേച്ച വടി ഖദറുമിട്ടാണ് ജസ്റ്റിസ് ആയി അവതരിക്കുന്നതിനു മുന്‍പേ കുര്യന്‍ ജോസഫ് പൊതു രംഗത്തിറങ്ങുന്നത്. വക്കീലായി ഉപജീവനം തുടങ്ങിയപ്പോള്‍ത്തന്നെ കാലം ചെയ്ത കോഴൈ തോഴന്‍ മാണിസാറിന്റെ സകല അനുഗ്രഹത്താലും പെട്ടെന്നുതന്നെ സര്‍ക്കാര്‍ വക്കീലാകാനും പിന്നെ പടി പടിയായി ഉയര്‍ന്ന് സുപ്രീം കോടതി ജഡ്ജിവരെയാകാനും ദൈവകൃപയാല്‍ സാധിച്ചുവെന്ന് പലരും സാക്ഷ്യം പറയുന്നുണ്ട് .
സുപ്രീം കോടതിയില്‍ ഉയര്‍ന്നുയര്‍ന്ന് വരുമ്പോഴും തന്റെ കൂറെവിടെയാണെന്ന് കൃത്യമായി കുരച്ചുകാണിക്കാന്‍ നീതിമാന് കഴിയുന്നുണ്ടായിരുന്നു എന്നാണ് പിന്നാമ്പുറക്കേള്‍വി. കല്‍ക്കരി മുതല്‍ ആരും കണ്ടിട്ട് പോലുമില്ലാത്ത സ്‌പെക്ട്രം വരെ മറിച്ചുവിട്ട് അന്ന് മാഡവും മക്കളും പിന്നെ ട്രസ്റ്റും ചേര്‍ന്ന് ഈ മഹാരാജ്യത്തിനെ വിറ്റുതിന്നു കൊണ്ടിരിയ്ക്കുമ്പോള്‍ കേസുകളില്‍ അകത്തുപോകാതിരിക്കാന്‍ വേണ്ട മുന്‍കരുതലുകള്‍ അവരെടുത്തിട്ടുണ്ടായിരിക്കും എന്നത് ഉറപ്പാണല്ലോ. ഇന്ത്യന്‍ ഭരണകൂടചരിത്രത്തിലെ ഏറ്റവും വലിയ അഴിമതിക്കഥകള്‍ ഒന്നൊന്നായി ഉയര്‍ന്നുവന്നുകൊണ്ടിരുന്നപ്പോള്‍ എല്ലാറ്റിനും രക്ഷകനായി അദ്ദേഹം വേണ്ടിടത്തുതന്നെ ഉണ്ടായിരുന്നു എന്നുവേണം കരുതാന്‍.
അവസരം കിട്ടുമ്പോഴെല്ലാം ഈ ജനാധിപത്യത്തിനിട്ട് കടിക്കാന്‍ നീതിമാനും ഉദാരവാനുമായ ഈ മാന്യദേഹം മറന്നിട്ടില്ല. സുപ്രീം കോടതിയിലെ ജഡ്ജിയെന്ന പരമോന്നതമായ ബഹുമതികളിലൊന്നിലിരുന്നിട്ടു പോലും താന്‍ ന്യൂനപക്ഷസമുദായാംഗമായത് തന്റെ വളര്‍ച്ചയെ തടഞ്ഞു എന്ന് പറഞ്ഞ് കൊടുത്ത കൈയ്ക്ക് കടിക്കാന്‍ നീതിയുടെ തുലാസ്സുകളൊന്നും അദ്ദേഹത്തിനു തടസ്സമായില്ല. സുപ്രിം കോടതി ജഡ്ജിക്കപ്പുറം ഒരാള്‍ക്ക് എങ്ങോട്ട് വളരാനാണ് എന്ന യുക്തിയൊന്നും ആരുടേയും ബോധമണ്ഡലത്തിലെത്തില്ല എന്നദ്ദേഹത്തിന് നന്നായറിയാമല്ലോ.
അന്താരാഷ്ട്രതലത്തില്‍ ഭാരതീയതയ്ക്കും ഇന്ത്യയിലെ പുതു ദേശീയ നവോത്ഥാനത്തിനും കൃത്യമായി തുരങ്കം വയ്ക്കാനൊരുങ്ങുന്ന നരേറ്റീവുകള്‍ക്ക് ഊന്നുകൊടുക്കുകയായിരുന്നു ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്ത് വന്നിരുന്ന സമയത്തെ ഉചിതമായ ആ ഡയലോഗ് ഡെലിവറിയുടെ ഉദ്ദേശം. പക്ഷേ കേരളത്തില്‍ നിന്ന് സുപ്രീം കോടതി ജഡ്ജിമാരായവരില്‍ 46 ശതമാനത്തിലധികം ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ സമുദായാംഗങ്ങളായിരുന്നു. ജനസംഖ്യയില്‍ വെറും ഇരുപത് ശതമാനത്തില്‍ത്താഴെ മാത്രമുള്ള അവരില്‍ നിന്ന് അത്രയും ജഡ്ജിമാരുണ്ടായത് ജനാധിപത്യത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള പരിഗണനയില്ലായ്മയാണോ അതോ ‘പ്രത്യേക’ പരിഗണനയാണോ എന്നുള്ള കണക്കുകള്‍ നിരത്തിയുള്ള മറുപടികള്‍ ആരും ശ്രദ്ധിക്കില്ല. കാലാകാലങ്ങളായി ലോകമെമ്പാടും എടുത്തുപയോഗിക്കാന്‍ സുപ്രീം കോടതി ജഡ്ജിയായിരുന്ന തന്റെ ഡയലോഗ് ഉപയോഗിക്കപ്പെടുമെന്ന് മാന്യദേഹത്തിനറിയാം. കേംബ്രിഡ്ജ് അനലറ്റിക്കയൊക്കെ പോളിഞ്ഞ് പാളീഷായത് ഇന്ത്യന്‍ ജനാധിപത്യത്തെ കാത്തു എന്നു വേണം കരുതാന്‍.
ഭരണത്തിലിരിക്കുമ്പോഴും ഇപ്പോഴും തന്റെ പാവകളിക്കാരുടെ ചരടനുസരിച്ച് കൃത്യമായി ആടാന്‍ കഴിഞ്ഞെന്ന് ചാരിതാര്‍ത്ഥ്യമുണ്ടാവും അദ്ദേഹത്തിന്. അവസരം കിട്ടുമ്പോഴെല്ലാം നരേന്ദ്രമോദിയെ ആക്രമിക്കാന്‍ അദ്ദേഹത്തിനു പ്രത്യേക പരിശീലനമൊന്നും ആവശ്യമില്ല. ഈ സ്ഥിതി എങ്ങനെയങ്കിലും തകര്‍ക്കുക എന്നതു മാത്രമാണ് ഉദ്ദേശം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ചാലക്കുടിയില്‍ നിന്ന് പഴയ മാണി കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ മത്സരിച്ചേക്കുമെന്ന് ഏറെക്കുറേ ഉറപ്പായതാണ്. സ്ഥിരം സ്ഥാനാര്‍ത്ഥികള്‍ പാരപണിഞ്ഞതുകൊണ്ടു മാത്രം ആ മോഹം നടക്കാഞ്ഞത് എന്നാണ് വാര്‍ത്തകള്‍.
ഇടയ ലേഖനങ്ങള്‍ക്ക് പക്ഷേ കൃത്യമായി ഓരിയിട്ട് പ്രോത്സാഹിപ്പിക്കും.അതിനി എത്ര വിവാദമായാലും കുഴപ്പമില്ല. പട്ടവും പട്ടക്കാരനും പറയുന്നതിനപ്പുറം സാക്ഷാല്‍ മാണിസാറും നോട്ടെണ്ണുന്ന യന്ത്രവും പറഞ്ഞാല്‍പ്പോലും ഒന്നുമാവില്ല. പല വിവാദ ഇടയലേഖനങ്ങളും അടിയന്‍ ലച്ചിപ്പോമെന്ന് പറഞ്ഞ് വന്നു രക്ഷിച്ച് കുളിപ്പിച്ച് വെളുപ്പിച്ചെടുത്തിട്ടുണ്ട്. എന്തിനേറെ അന്താരാഷ്ട്രതലത്തില്‍ സഭയുടെ പ്രഖ്യാപിത നയമാണ് മെഡിക്കല്‍ ടെര്‍മൊനേഷന്‍ ഓഫ് പ്രെഗ്‌നന്‍സിയെ എതിര്‍ക്കല്‍. അതായത് അടിയന്തിര ഘട്ടങ്ങളില്‍ വൈദ്യസഹായത്തോടെ ഗര്‍ഭം അലസിപ്പിക്കുന്നത് സമ്മതിക്കാതിരിക്കല്‍. ഇന്ത്യന്‍ നിയമം അതനുവദിക്കുന്നത് തനിക്കുണ്ടാക്കിയ മാനസിക ബുദ്ധിമുട്ടിനെപ്പറ്റി പരസ്യമായി തുറന്ന് പറഞ്ഞിട്ടുണ്ട് ഈ വിശ്വസ്ത കുഞ്ഞാട്. അതിലുമുപരി നിര്‍ഭയയായ ജ്യോതി സിംഗിനെ ക്രൂരമായ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നരാധമന്മാരെ രക്ഷിക്കാനും ഈ മഹാന്‍ ഈയിടെ പ്രത്യക്ഷപ്പെട്ടിരുന്നു.
കോവിഡ് 19 എന്നയൊരു മഹാമാരിയില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാന്‍ തുടങ്ങിയതു മുതല്‍ അന്താരാഷ്ട്രമാദ്ധ്യമങ്ങളില്‍ തുടങ്ങിയതാണ് അന്യസംസ്ഥാന തൊഴിലാളികള്‍ കഷ്ടതകളനുഭവിക്കുന്നു എന്ന കരച്ചില്‍. ഇന്ത്യയിലെ സകല സര്‍ക്കാരുകളും ഏറെക്കുറെ ഒരുമിച്ചുനിന്ന് ഈ മഹാമാരിയെ തടഞ്ഞുനിര്‍ത്തുമ്പോള്‍ പിതൃരാജ്യങ്ങളില്‍ ഈയാംപാറ്റകളെപ്പോലെ ജനങ്ങള്‍ ചത്തുവീഴുകയായിരുന്നു. എന്നാലും നാണമില്ലാതെ ഇന്ത്യയിലെ ഏത് ചെറിയ പ്രശ്‌നവും ഊതിപ്പെരുപ്പിച്ച് ലോകം മുഴുവന്‍ കാട്ടി നമ്മുടെ നേട്ടത്തെ താറടിക്കാന്‍ അന്താരാഷ്ട്രതലത്തില്‍ തന്നെ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് സുപ്രീം കോടതിയെ വിമര്‍ശിച്ചുകൊണ്ട് ഈ വിരമിച്ച ജഡ്ജിന്റെ പ്രസ്താവന. അന്യ സംസ്ഥാനത്തൊഴിലാളികളുടെ വിഷയത്തില്‍ സുപ്രീം കോടതി ഇടപെട്ടില്ല എന്ന മഹത്തായ കണ്ടെത്തലുമായാണ് അദ്ദേഹം വന്നിട്ടുള്ളത്. സുപ്രീം കോടതി ഇടപെട്ട് ലോക്‌ഡൌണ്‍ താറുമാറാക്കി ഇവിടെയും ഇറ്റലിയിലേയും റോമിലേയും പോലെ കോടിക്കണക്കിനു ജനങ്ങള്‍ മരിച്ചുവീണെങ്കില്‍ എന്ത് നന്നായേനേ എന്നാണ് മനസ്സിലിരുപ്പെന്ന് വ്യക്തമാണ്.
”ജനാധിപത്യത്തിന്റെ കാവല്‍നായ്ക്കളാണ് നീതിപീഠവും മാധ്യമങ്ങളും. കുരച്ചിട്ടും യജമാനന്‍ ശ്രദ്ധിക്കുന്നില്ലെങ്കില്‍ പിന്നെ കടിക്കേണ്ടിവരും.’
എത്ര സത്യം!!. ചിലപ്പോള്‍ വാക്കുകള്‍ വായില്‍ നിന്ന് അറിയാതെ പുറത്തുവരും. ജനാധിപത്യത്തിനെ കടിച്ച് പേ പിടിപ്പിച്ചാല്‍ അത് തനിയേ വെള്ളമിറങ്ങാതെ ചത്തുപോകും എന്ന് വിചാരിക്കണ്ട. ഇത് വാക്‌സിനേഷനെടുത്ത ജനാധിപത്യമാണ്. ഇതുപോലുള്ള കൊളീജിയങ്ങളില്‍ അപ്ഫനും സുഭദ്രയും നോമും കൂടിയല്ല ഭാഗ്യവശാല്‍ ജനാധിപത്യം നടത്തപ്പെടുന്നതെന്നത് ഇന്നാട്ടിലെ ജനതയുടെ നേരാണ്. സാറു കുരക്കുകയോ കടിക്കുകയോ എന്താന്ന് വച്ചാല്‍ ആയിക്കോളുക.
സാര്‍ ഇവിടെയിരിക്കേണ്ടയാളല്ല. അവസരങ്ങള്‍ ന്യൂനപക്ഷമായതുകൊണ്ട് കിട്ടിയില്ല എന്ന് സുപ്രീം കോടതിയെന്ന പരമാധികാരത്തിന്റെ മുകളില്‍ക്കുത്തിയിരുന്ന് പച്ചക്കള്ളം പറയാന്‍ ഉളുപ്പില്ലാത്തയാളല്ലേ, സാക്ഷാല്‍ മാണിസാര്‍ കോഴൈ തോഴനായി പാലായില്‍ ഉഴിഞ്ഞിട്ട കനകസിംഹാസനം ഒഴിഞ്ഞുകിടക്കുന്നു. കയറിയിരുന്ന് ഭേഷാ കുരച്ചോളുക. ഇനിയും ഈ ജനാധിപത്യം ചോറുതരുമ്പോള്‍ ആ കൈയ്ക്ക് തന്നെ ഒരുപാട് കടിച്ചോളുക. അതാണ് മെച്ചം.
Discussion about this post