തിരുവനന്തപുരം: സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത നാല് കൊറോണ മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ആരോഗ്യവകുപ്പ് അധികൃതരുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. ഏറ്റവും ഒടുവില്‍ കൊല്ലത്ത് മരിച്ച നിലയില്‍ ആശുപത്രിയില്‍ എത്തിച്ച ആള്‍ക്ക് എങ്ങനെ രോഗം വന്നുവെന്ന് ആരോഗ്യവകുപ്പിന് വ്യക്തതയില്ല.
ആദ്യം തിരുവനന്തപുരം പോത്തന്‍കോട് രോഗം ബാധിച്ച് മരിച്ച അബ്ദുള്‍ അസീസ്, ചൊവ്വാഴ്ച മരിച്ച വൈദികന് കെ.ജി.വര്‍ഗീസ്, മഞ്ചേരിയിലെ നാലുമാസം പ്രായമുണ്ടായിരുന്ന നൈഹ ഫാത്തിമ, കൊല്ലത്ത് മരിച്ച കാവനാട് സ്വദേശി സേവ്യര്‍ എന്നിവര്‍ക്ക് എവിടെനിന്ന് രോഗം കിട്ടി എന്നാണ് വ്യക്തതയില്ലാത്തത്.
പലരും രോഗം മൂര്‍ച്ഛിച്ചതിന് ശേഷമാണ് ആശുപത്രികളില്‍ എത്തുന്നത്. അതുകൊണ്ടു തന്നെ ജീവന് രക്ഷിക്കാനുള്ള ശ്രമം പാളും. എന്നാല്‍ വിദേശത്ത് നിന്നോ ഇതര സംസ്ഥാനങ്ങളില്‍ നിന്നോ വന്ന ആരെങ്കിലുമായി ഇവര്‍ക്ക് സമ്പര്ക്കമുണ്ടോയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. രോഗ ലക്ഷണങ്ങള്‍ കാണിക്കാത്ത വൈറസ് വാഹകരില്‍ നിന്നാകും ഇവര്‍ക്ക് രോഗം കിട്ടിയതെന്ന് സര്‍ക്കാര്‍ കരുതുന്നു.
Discussion about this post