മിയാമി : ലോക ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ചൂടനുഭവപ്പെട്ട മാസം 2015 ജൂലൈ എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞര്‍. യുഎസിലെ നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനിലെ ശാസ്ത്രജ്ഞരാണ് റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമായിരിക്കാനാണ് സാധ്യത എന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 1998 ലെ മുന്‍ റെക്കോഡാണ് ജൂലൈ മാസത്തില്‍ ഭേദിച്ചിരിക്കുന്നത്. മുന്‍ റെക്കോഡിനെ അപേക്ഷിച്ച് .08 ഡിഗ്രി കൂടുതല്‍ ചൂടാണ് ഈ വര്‍ഷം ജൂലൈയില്‍ അനുഭവപ്പെട്ടത്.
ഭൂമി കൂടുതല്‍ ചൂടാകുന്നു എന്ന ഞെട്ടിക്കുന്ന വസ്തുതയാണ് റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നത്. ഭൂമി തുടര്‍ച്ചയായി ചൂടായി കൊണ്ടിരിക്കുന്നു. 2015 ചരിത്രത്തിലെ ഏറ്റവും ചൂടുകൂടിയ വര്‍ഷമാകുമെന്ന് ഉറപ്പുണ്ടെന്നും നാഷണല്‍ ഓഷ്യാനിക് ആന്റ് അറ്റ്‌മോസ്ഫിയറിക് അഡ്മിനിസ്‌ട്രേഷനിലെ ഭൗതിക ശാസ്ത്ര ഗവേഷകനായ ജെയ്ക്ക് ക്രൗച്ച് വ്യക്തമാക്കി.
ജൂലൈ മാസത്തില്‍ ലോകവ്യാപകമായി ഭൂമിയിലെയും സമുദ്ര ഉപരിതലത്തിലെയും ശരാശരി ചൂട് 61.86 ഫാരന്‍ഹീറ്റായിരുന്നു. (16.61 സെല്‍ഷ്യസ്) 1880 മുതലുള്ള റെക്കോഡാണ് ജൂലൈയില്‍ ഭേദിച്ചിരിക്കുന്നത്. ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ട ആദ്യത്തെ ഏഴ് മാസവും ഈ വര്‍ഷത്തിലായിരുന്നു. കാലവസ്ഥയില്‍ ഉണ്ടായ മാറ്റവും എല്‍ നിനോ പ്രതിഭാസത്തിന്റെ സ്വാധീനവുമാണ് ചൂടുകൂടാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
Discussion about this post