ന്യൂഡൽഹി : കോവിഡ് രോഗികളെ ഡൽഹിയിൽ പരിഗണിക്കുന്നത് മൃഗങ്ങളേക്കാൾ മോശമായിട്ടാണെന്ന് സുപ്രീം കോടതി.കൊറോണ ബാധിച്ചു മരിച്ച രോഗികളുടെ മൃതദേഹങ്ങൾ ശരിക്ക് കൈകാര്യം ചെയ്യുന്നില്ലെന്ന് ആരോപിച്ച് നൽകിയ ഹർജിയിൽ വാദം കേൾക്കുന്നതിനിടയിലായിരുന്നു സുപ്രീം കോടതിയുടെ രൂക്ഷവിമർശനം.
ഡൽഹിയിൽ കഴിഞ്ഞ ദിവസം കോവിഡ് രോഗിയുടെ മൃതദേഹം ചവറ്റുകുട്ടയിൽ കണ്ടെത്തിയിരുന്നു.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് കോടതി ഡൽഹി സർക്കാരിനെ വിമർശിച്ചത്. കോവിഡ് രോഗികളുടെയെണ്ണം വർദ്ധിക്കുന്ന ഈ പശ്ചാത്തലത്തിൽ ദിവസേനയുള്ള കോവിഡ് പരിശോധനയുടെ എണ്ണം ഏഴായിരത്തിൽ നിന്നും അയ്യായിരമാക്കിയതിൽ കോടതി ഡൽഹി സർക്കാരിന്റെ വിശദീകരണം തേടി.









