(പെന്‍ഡ്രൈവ്) നന്ദികേശന്‍
ബുദ്ധിയുള്ള ആളുകള്‍ അങ്ങനെയാണ്..!! സ്വന്തം പക്ഷത്തു നിന്ന് നമുക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കിട്ടി പ്രശസ്തി ലഭിക്കും എന്ന് പ്രതീക്ഷിക്കാന്‍ വഹയില്ലെങ്കില്‍ പിന്നെ ഏറ്റവും നല്ലത് ശത്രുപാളയത്തിന്റെ സഹായം തന്നെയാണ്..!! കാരണം സ്വന്തക്കാര്‍ പിന്തുണയ്ക്കുന്നതിനേക്കാള്‍ ആത്മാര്‍ഥമായിട്ടായിരിക്കും ശത്രുക്കള്‍ തെറി വിളിയ്ക്കുക..!!
ഈ വര്‍ഷത്തെ ഏറ്റവും ബുദ്ധിപരമായ പ്രവൃത്തിയ്ക്ക് ഒരു അവാര്‍ഡ് ഏര്‍പ്പെടുത്തുന്നുവെങ്കില്‍ അതിനു അര്‍ഹതപ്പെട്ട ആളെ അന്വേഷിച്ച് അധികമൊന്നും അലയണ്ടാ…!! ആ അവാര്‍ഡും പ്രശസ്തിപത്രവും ഭംഗിയായി പൊതിഞ്ഞ് നേരെ കേരളത്തിലേയ്ക്ക് വണ്ടി കയറുക..!! ഇവിടെ ഡി.വൈ.എഫ്.ഐയിലെയും എസ്.എഫ്.ഐയിലെയും വനിതകള്‍ ഉണ്ട്..!! അവരുടെ കൈകളിലേയ്ക്ക് മേല്പടി വസ്തുക്കള്‍ സമര്‍പ്പിക്കുക..!! സംഗതി സക്‌സസ്..!!
ചുമ്മാ ഇരിക്കുന്നവരെ ചൊറിഞ്ഞ് എങ്ങനെ പ്രശസ്തി നേടാം എന്നു കേരളത്തിലെ ജനങ്ങള്‍ക്ക് കാണിച്ചു തന്നിരിക്കുകയാണ് ഈ വനിതാസഖാക്കള്‍..!! ആ രാജേഷും സ്വരാജുമൊക്കെ നാലുപേരറിയുന്ന രീതിയില്‍ ഇത്തിരി പ്രശസ്തി കിട്ടുവാന്‍ വേണ്ടി എന്തൊക്കെ കഷ്ടപ്പാടാണ് സഹിക്കുന്നത്..?!! ഒരു സഖാവ് മഹാരാഷ്ട്രയില്‍ പശുവിനെ വെട്ടുന്നത് നിരോധിച്ചു എന്ന് കേട്ട് ഇവിടെ പോത്തിനെ വെട്ടി ഉത്സവം നടത്തി..!! മറ്റേ സഖാവ് കാരണവരെ കൊറിയന്‍ മാതൃകയില്‍ ആദരിക്കുന്നതിനെപ്പറ്റി വരെ ചര്‍ച്ച ചെയ്തു നോക്കി..!! പക്ഷെ അണികളിലെ ചില പ്രബുദ്ധര്‍ കയ്യടിച്ചു പാസ്സാക്കിയതൊഴിച്ചാല്‍ കാര്യമായ പ്രശസ്തിയൊന്നും ഈ ഇടപാടുകള്‍ കൊണ്ട് തരപ്പെട്ടില്ല..!! പുരുഷശിങ്കങ്ങള്‍ തോറ്റമ്പിയ സ്ഥലത്താണ് വനിതാരത്‌നങ്ങള്‍ ചറപറാ ഗോളടിച്ചു കൂട്ടുന്നത്..!!
ആദ്യം വന്നത് ഒരു ദിവ്യ സഖാവ് ആയിരുന്നു..!! ഫുള്‍ നെയിം പി.പി ദിവ്യ…!! ഒരു മൈക്ക് തരപ്പെട്ടു കിട്ടിയപ്പോള്‍ പിന്നെ ഒന്നും ആലോചിച്ചില്ല; വിളിച്ചൂ നരേന്ദ്രമോദിയുടെ തന്തയ്ക്ക്..!! വേറെ വല്ലതും വേണോ..!! നരേന്ദ്രമോദി അധികാരത്തില്‍ വന്നതിനു ശേഷം പൊതുമാധ്യമങ്ങളില്‍ പ്രത്യേകിച്ച് പണിയൊന്നുമില്ലാതെ പല്ലിടകുത്തിയിരിക്കുകയായിരുന്ന ആര്‍ഷഭാരതീയര്‍ സടകുടഞ്ഞെഴുന്നേറ്റു.. പിന്നെ ഒരു പ്രവാഹമായിരുന്നു..!! ഭാരതീയഗ്രന്ഥങ്ങളിലെ അധികമാരും കേട്ടിട്ടില്ലാത്ത ശ്ലോകങ്ങളും പദങ്ങളും എടുത്ത് വിസ്തരിച്ചപ്പോള്‍ സഖാവിന്റെ ഏഴു തലമുറയ്ക്ക് മുന്‍പുള്ളവര്‍ വരെ തുമ്മി എന്നാണു കേട്ടത്..!! പക്ഷെ എന്തായാലും സഖാവ് അതോടെ ഫേമസ് ആയി..!! ഇപ്പോള്‍ പി.പി ദിവ്യ എന്ന് പറഞ്ഞാല്‍ ഒരിക്കലെങ്കിലും ഫേസ്ബുക്കില്‍ കയറിയിട്ടുള്ള ആര്‍ക്കും അറിയാം…!! അതാണ് ബുദ്ധി..!! ഒരൊറ്റ പ്രസംഗം; ആയിരം മടങ്ങ് പ്രശസ്തി..!!!
ദിവ്യ കാണിച്ചുകൊടുത്ത ഉദാഹരണം പിന്തുടരാന്‍ പുരുഷശിങ്കങ്ങള്‍ തയ്യാറായില്ല..!!! അവരപ്പോഴും ബീഫിനു കടുകുവറക്കുന്ന തിരക്കിലായിരുന്നു..!! പക്ഷെ ദിവ്യജന്മത്തിനു പിന്തുടര്‍ച്ചയായി മറ്റൊരു സഖാത്തിയെത്തി..!! പേര് ചിന്താ ജെറോം..!! പതിവുപോലെ ചിന്തസഖാവും തുടങ്ങിയത് കാരണവരുടെ തലയ്ക്കിട്ടു തല്ലിക്കൊണ്ടായിരുന്നു..!! ആലപ്പുഴ സംസ്ഥാനസമ്മേളനത്തിലെ പ്രതിനിധിചര്‍ച്ചയിലാണ് സഖാവ് പ്രസ്തുത കര്‍മം നിര്‍വഹിച്ചത്..!! പക്ഷേ മാധ്യമശ്രദ്ധ തന്നിലേയ്ക്ക് മാത്രം ഒതുക്കി നിറുത്തുന്നതില്‍ അഗ്രഗണ്യനായ കാരണവരുടെ മുന്നില്‍ ചിന്തയുടെ ചിന്ത ഏശിയില്ല..!! സമ്മേളനത്തിന്റെ മൊത്തം ഗ്ലാമറും സഖാവ് ആലപ്പുഴയിലെ വീട്ടിലും തിരുവനന്തപുരത്തെ കന്റോണ്‍മെന്റ് ഹൗസിലും ഇരുന്നു അടിച്ചുമാറ്റിക്കളഞ്ഞു…!!! അങ്ങനെയിരിക്കെയാണ് തിരുവനന്തപുരത്തു വെച്ച് സഖാത്തിയ്ക്കും ഒരു മൈക്ക് തരപ്പെട്ടു കിട്ടിയത്..!! പിന്നെ നോക്കിയില്ല; ആര്‍.എസ്.എസ്സിന്റെ ഉത്ഭവം തൊട്ട് ഇന്നേവരെയുള്ള നാള്‍വഴി ചരിത്രം തനിക്കറിയാവുന്നത് പോലെ വച്ചു കാച്ചി..!! സംഘികള്‍ നിക്കറിട്ട ടിന്റുമോന്‍മാരാണ് എന്നൊരു കണ്ടുപിടുത്തം തന്നെ നടത്തിക്കളഞ്ഞു..!! പിന്നെ പഴയ ചേരുവകളായ ഗര്‍ഭിണി+ശൂലം+ഭ്രൂണം സമാസമം ചേര്‍ത്ത് ഒറ്റ ഇളക്ക്..!! വിഭവം റെഡി..!! മണം അടിച്ചപ്പോള്‍ തന്നെ ആര്‍ഷഭാരതീയര്‍ ഉഷാറായി..!! പിന്നെ പതിവ് പൊങ്കാലകളും തെറിവിളിയും..!! ചിന്തയുടെ പിറവി വരെ ചികഞ്ഞു പുറത്തെടുത്ത് നിരത്തിയിട്ടു കളഞ്ഞു ആര്‍ഷന്മാര്‍..!! എന്തായാലും ചിന്തയും ഹിറ്റ്..!!
ബുദ്ധിയുള്ള ആളുകള്‍ അങ്ങനെയാണ്..!! സ്വന്തം പക്ഷത്തു നിന്ന് നമുക്ക് ആവശ്യമായ പിന്തുണയും പ്രോത്സാഹനവും കിട്ടി പ്രശസ്തി ലഭിക്കും എന്ന് പ്രതീക്ഷിക്കാന്‍ വഹയില്ലെങ്കില്‍ പിന്നെ ഏറ്റവും നല്ലത് ശത്രുപാളയത്തിന്റെ സഹായം തന്നെയാണ്..!! കാരണം സ്വന്തക്കാര്‍ പിന്തുണയ്ക്കുന്നതിനേക്കാള്‍ ആത്മാര്‍ഥമായിട്ടായിരിക്കും ശത്രുക്കള്‍ തെറി വിളിയ്ക്കുക..!! ഇതിപ്പോള്‍ ‘പറഞ്ഞത് ദിവ്യയെയും ചിന്തയെയും പോലുള്ള ലോക്കല്‍ കുഞ്ഞുങ്ങളല്ലേ..??!! നമ്മള്‍ മിണ്ടാതിരുന്നാല്‍ ഇവരെയും ഇവരുടെ ഈ വാക്കുകളെയും അധികം ആരും അറിയാന്‍ പോകുന്നില്ല..!! അതുകൊണ്ട് അവഗണിക്കുന്നതാണ് നല്ലത്…!!’ എന്ന് ആര്‍ഷന്മാര്‍ ചിന്തിച്ചിരുന്നെങ്കില്‍ എന്തായേനെ ചിന്തയുടെ കാര്യം..??!! മൈക്ക് വാടക കൊടുത്തത് നഷ്ടമായേനെ..!! അതാണ് നവയുഗ ആര്‍ഷന്മാര്‍..!! തെറിപറഞ്ഞു ശത്രുവിനെ പിന്തുണച്ച് പ്രശസ്തരാക്കാന്‍ ഇവരെക്കഴിഞ്ഞേ സാമൂഹിക മാധ്യമങ്ങളില്‍ വേറെ ആളുള്ളൂ..!!! രക്ഷാബന്ധന്‍ നടത്തി സഹോദരീസഹോദരബന്ധത്തിന്റെ ഊഷ്മളതയോക്കെ വര്‍ഷാവര്‍ഷം ഊട്ടിയുറപ്പിക്കും എങ്കിലും തങ്ങള്‍ക്കെതിരെ ഒരു വാക്ക് ഏതെങ്കിലും ഒരു സഹോദരി മിണ്ടിയാല്‍ സഹോദരന് സഹിക്കൂല്ലാ..!! സഹോദരിയുടെ ജന്മകാരണം വരെ അന്വേഷിച്ചു പുറത്തു കൊണ്ടുവരും..!!
ആര്‍ഷന്മാരുടെ ഈ കഴിവ് ഏറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുള്ളത് സത്യത്തില്‍ സഖാക്കന്മാരോ സഖാത്തികളോ അല്ല കേട്ടോ..!! അതിന്റെ ക്രെഡിറ്റ് തൃത്താലക്കാരനായ ഒരു പാവം ബലറാമിനാണ് കൊടുക്കേണ്ടത്..!! ലേലം സിനിമയിലെ സോമന്റെ ഡയലോഗ് കടമെടുത്ത് ‘എം.എല്‍.എ യായി മൂന്നാം പക്കം ഫേസ്ബുക്കില്‍ വന്നു പോസ്റ്റിടാന്‍ തുടങ്ങുമ്പോള്‍ ബലറാം സാറിനു പ്രശസ്തനാകാനുള്ള ലൈക്കും കമന്റും കൊടുത്തത് യൂത്തും മൂത്തതും ഒന്നുമല്ല..!! ഇവിടെ തെണ്ടിത്തിരിഞ്ഞു നടന്ന കുറെ ആര്‍ഷഭാരതീയരായിരുന്നു..!! അവരുടെ തെറീം ഭീഷണീം കൊണ്ടാ നേതാവേ ബലരാമന്‍ ഇന്നത്തെ ബലരാമനായേ..!!’ എന്ന് ബലറാമിന് ഏതു ഹൈക്കമാന്റിന്റെയും മുഖത്ത് നോക്കി ധൈര്യമായി പറയാം..!!
പത്രത്തിലും ഒക്കെ ഒരു വാര്‍ത്തയും പടവും വരണമെങ്കില്‍ എന്തൊരു ബുദ്ധിമുട്ടാ..???!! കഷ്ടപ്പെട്ട് ഒരു ഹൈട്ടെക് ബസ് സ്റ്റോപ്പ് ഉദ്ഘാടനം ചെയ്തപ്പോള്‍ പിറ്റേ ദിവസം വാര്‍ത്ത വന്നത് ലോക്കല്‍ പേജില്‍ ഇന്നത്തെ പരിപാടികളുടെ സൈഡില്‍..!! ഇതാവുമ്പോള്‍ പ്രത്യേകിച്ചു മുതല്‍മുടക്കൊന്നുമില്ല..!! ആര്‍ഷഭാരതീയരുടെ ചങ്കില്‍ കൊള്ളുന്ന രീതിയില്‍ നരേന്ദ്രമോദിയെയോ ആര്‍.എസ്.എസ്സിനെയോ നാല് പുലഭ്യം പറയുക..!! അതിന്റെ ഒരു ലിങ്കോ പോസ്റ്റോ ഫേസ്ബുക്കില്‍ ഇടുക..!! ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ നിങ്ങള്‍ പ്രശസ്തനായിരിക്കും..!! അതാണ് ആര്‍ഷഭാരതീയര്‍…!!
Discussion about this post