ഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗം ചെയ്തയാളെ ജയിലിനുള്ളില്‍ വച്ച് സഹോദരന് കുത്തിക്കൊലപ്പെടുത്തി. തീഹാര്‍ ജയിലിനുള്ളില്‍ തിങ്കളാഴ്ച ആണ് സംഭവം.
22കാരനായ സാക്കീര്‍ മെഹ്താബിനെ (28) പല തവണ കുത്തി പരിക്കേല്‍പ്പിച്ചു എന്നാണ് പോലീസ് പറയുന്നത്. കത്തി പോലെയുള്ള മെറ്റല്‍ കഷണം ഉപയോഗിച്ചാണ് സക്കീര്‍ കൊല നടത്തിയതെന്നാണ് പോലീസ് പറയുന്നത്.
2014-ലാണ് ഡല്‍ഹിയിലെ അംബേദ്കർ നഗര്‍ നിവാസിയായ സക്കീറിന്റെ അനുജത്തിയെ മെഹ്താബ് ബലാത്സംഗം ചെയ്തത്. തുടര്‍ന്ന്, 376 ഡി, 328, 363, 342, 120ബി പോക്സോ സെക്ഷൻ 4 എന്നീ വകുപ്പുകള്‍ ചുമത്തി മെഹ്താബിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസില്‍ ശിക്ഷ അനുഭവിച്ച് വരികയായിരുന്നു ഇയാള്‍.
ബലാത്സംഗത്തിനു ശേഷം സക്കീറിന്റെ സഹോദരി ആത്മഹത്യ ചെയ്തതായാണ് റിപ്പോര്‍ട്ട്. ഈ സംഭവം സക്കീറിനെ ആഴത്തിൽ മുറിവേല്‍പ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് പ്രതിയെ കൊല്ലാന്‍ സക്കീര്‍ തീരുമാനിച്ചത്. എന്നാല്‍, തീഹാര്‍ ജയിലില്‍ പാര്‍പ്പിച്ചിരുന്ന ഇയാള്‍ക്കരികിലേക്ക് എത്താന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ സക്കീര്‍ മറ്റ് പദ്ധതികള്‍ ആസൂത്രണം ചെയ്യുകയായിരുന്നു. പിന്നീട് ,മറ്റൊരു കൊലക്കേസുമായി ബന്ധപ്പെട്ട് തീഹാര്‍ ജയിലില്‍ കഴിഞ്ഞിരുന്ന സക്കീറിനെ അടുത്തിടെ ജയില്‍ നമ്പര്‍ 8ലേക്ക് മാറ്റിയിരുന്നു.
ജൂൺ 29ന് രാവിലെ പ്രാർത്ഥനയ്ക്കായി തടവുകാർ പോയപ്പോഴാണ് പ്രതി കൃത്യം നിര്‍വഹിച്ചത് എന്നാണ് പോലീസ് പറയുന്നത്.
ആക്രമണത്തിന് ശേഷം മെഹ്താബിനെ ഡിഡിയു ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇന്ത്യൻ പീനൽ കോഡിന്റെ (ഐപിസി) സെക്ഷൻ 302 (കൊലപാതകം) പ്രകാരം ഹരി നഗർ പോലീസ് സ്റ്റേഷനിൽ സക്കീറിനെതിരെ കേസ് രജിസ്റ്റർ ചെയ്തു.
Discussion about this post