ഡൽഹി: കൊവിഡ് വ്യാപനത്തിന്റെ ഉറവിടവും രോഗം മനുഷ്യരിൽ വ്യാപിക്കാനിടയായ സാഹചര്യവും വിശകലനം ചെയ്യാൻ ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സമിതി അടുത്തയാഴ്ച ചൈന സന്ദർശിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച് ആറ് മാസം പിന്നിടുമ്പോഴാണ് ലോകാരോഗ്യ സംഘടന അന്വേഷണത്തിനായി ചൈനയിലേക്ക് പുറപ്പെടുന്നത്.
ലോകത്താകമാനം അഞ്ച് ലക്ഷത്തിൽ പരം ആളുകളുടെ മരണത്തിനിടയാക്കിയ കൊവിഡ് 19 വ്യാപനം നിയന്ത്രണാതീതമായി പടരുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഈ പശ്ചാത്തലത്തിൽ വൈറസ് ബാധയുടെ ഉറവിടത്തെ സംബന്ധിച്ച് വിശദമായ അന്വേഷണം അനിവാര്യമാണെന്ന് ലോകാരോഗ്യ സംഘടന മുഖ്യ ശാസ്ത്രജ്ഞ ഡോക്ടർ സൗമ്യ സ്വാമിനാഥൻ അന്താരാഷ്ട്ര മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.
രോഗവ്യാപനത്തിന്റെ സ്വഭാവം മനസ്സിലാക്കി മുൻകരുതലുകൾ സ്വീകരിക്കുന്നതിൽ ചൈനക്ക് വീഴ്ച പറ്റിയതായും ആഗോള തലത്തിൽ മുന്നറിയിപ്പ് നൽകുന്നതിൽ ചൈന അലംഭാവം കാട്ടിയെന്നും ആരോപണങ്ങൾ നിലനിൽക്കുന്നുണ്ട്. ലോകാരോഗ്യ സംഘടനയും ചൈനയും വിഷയത്തിൽ ഒത്തു കളിക്കുകയാണെന്ന് അമേരിക്കയും ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണത്തിന് ലോകാരോഗ്യ സംഘടന തയ്യാറായിരിക്കുന്നത്.













Discussion about this post