തിരുവനന്തപുരം: കേരളം കണ്ട ഏറ്റവും വലിയ സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രധാന പ്രതിയായ സ്വപ്ന സുരേഷിന് രക്ഷപെടാന്‍ വഴിയൊരുക്കിയത് ഉന്നതതല ബന്ധങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തില്‍ നിന്ന് സ്വര്‍ണം പിടിക്കുന്നതിനു മുന്‍പു തന്നെ സ്വപ്നയ്ക്ക് വിവരം ചോര്‍ന്നു കിട്ടിയെന്നാണ് സംശയം. വാര്‍ത്ത പുറത്തെത്തുന്നതിനു മുന്‍പു സ്വപ്ന സുരേഷ് ഫ്ളാറ്റു വിട്ടതും ഇതിന് തെളിവാണ്. കസ്റ്റംസിലെ ഒരു അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഈ കേസില്‍ പങ്കുണ്ടെന്ന ആരോപണം പുറത്തുവരുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട തെളിവുകളും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കിട്ടിയതായാണ് സൂചന. സ്വപ്നയ്ക്ക് സ്വര്‍ണ്ണം പിടിക്കുന്നതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിക്കൊടുത്തതും അസിസ്റ്റന്റ് കമ്മീഷണര്‍ ആണെന്നാണ് ആരോപണം ഉയരുന്നത്. എന്നാല്‍ ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്താന്‍ ആരും തയ്യാറായിട്ടില്ല.
ഐടി വകുപ്പിലെ ഉദ്യോഗസ്ഥയായിരുന്ന സ്വപ്ന സുരേഷിന് സംസ്ഥാന സര്‍ക്കാരിലെ ഉന്നത നേതൃത്വവുമായി അടുത്ത ബന്ധമുണ്ടെന്നാണ് ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന് ആരോപിക്കുന്നത്. ഇതിന് നിരവധി ഉദാഹരണങ്ങളും കെ. സുരേന്ദ്രന് മാധ്യമങ്ങളോട് പങ്കുവെച്ചിട്ടുണ്ട്.
സ്വര്‍ണക്കടത്ത് വിവരം ചോര്‍ത്തി നല്‍കിയതില്‍ യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ വന്ന ഡിപ്ലോമാറ്റിക് ബാഗേജില്‍ നിന്ന് ഞായറാഴ്ചയാണ് കസ്റ്റംസ് 30 കിലോയോളം സ്വര്‍ണം കണ്ടെത്തിയത്. എന്നാല്‍ ശനിയാഴ്ച തന്നെ കേസില്‍ പ്രധാന പങ്കുണ്ടെന്നു കരുതപ്പെടുന്ന സ്വപ്ന സുരേഷ് മുങ്ങിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വപ്നയുടെ ഫ്ലാറ്റില്‍ നിന്ന് ശേഖരിച്ച സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച അന്വേഷണസംഘം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് സംബന്ധിച്ച രഹസ്യവിവരം കിട്ടിയ കസ്റ്റംസ് ബാഗേജ് പരിശോധിക്കാന്‍ നാലു ദിവസം മുന്‍പു തന്നെ കോണ്‍സുലേറ്റിന്റെ അനുമതി തേടിയിരുന്നു. എന്നാല്‍ അനുമതി കിട്ടാതിരുന്നതിനെ തുടര്‍ന്ന് യുഎഇ അംബാസഡറുടെയും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെയും സഹായത്തോടെയാണ് ബാഗേജ് പൊട്ടിച്ചു പരിശോധിക്കാനായത്. ഇതിനിടയില്‍ തന്നെ സ്വപ്നയ്ക്ക് വിവിരം ചോര്‍ത്തി നല്‍കിയത് ആരാണെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
Discussion about this post