ഡൽഹി: ഇന്ത്യയുടെ സംഭാവനകൾ അവിസ്മരണീയമാണെന്ന് ടിബറ്റൻ രാഷ്ട്രത്തലവൻ ലോബ്സാംഗ് സാംഗേ. ലോകമെമ്പാടുമുള്ള ടിബറ്റൻ ജനത ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നു റിപ്പബ്ലിക് ടിവിക്ക് നൽകിയ രഹസ്യ അഭിമുഖത്തിൽ അദ്ദേഹം ആഹ്വാനം ചെയ്തു. ചൈനയുടെ അധിനിവേശ നയങ്ങളെ അംഗീകരിക്കുന്നില്ലെന്നും ടിബറ്റൻ ജനതയെ ഇനിയും അധികകാലം അടിച്ചമർത്താൻ ചൈനക്ക് സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലഡാക്കിൽ ചൈന നടത്തുന്ന അധിനിവേശത്തിൽ പ്രതിഷേധിച്ചും ഗാൽവൻ താഴ്വരയിൽ ചൈനയോട് പൊരുതി വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് അഭിവാദ്യമർപ്പിച്ചും ലോകമെമ്പാടുമുള്ള ടിബറ്റൻ വംശജർ അണിനിരന്നത് ഇന്ത്യയോടുള്ള തങ്ങളുടെ പ്രതിപത്തിയുടെ പ്രതീകമാണെന്നും സാംഗേ പറഞ്ഞു. ടിബറ്റ് വിഷയം തങ്ങളുടെ ആഭ്യന്തര കാര്യമാണെന്നാണ് ചൈന പറയുന്നത്. എന്നാൽ ഇന്ത്യക്കും അതേ നാണയത്തിൽ തിരിച്ചടിക്കാവുന്നതാണ്. സാംസ്കാരികമായും പരമ്പരാഗതമായും ഒരേ ചിന്താധാര പിന്തുടരുന്നവരാണ് ഇന്ത്യയും ടിബറ്റും. സാംഗേ കൂട്ടിച്ചേർത്തു.
കഴിഞ്ഞ അറുപത് വർഷങ്ങളായി ചൈന തങ്ങളുടെ അധിനിവേശ നടപടികൾ തുടരുകയാണ്. ടിബറ്റ് അതിന്റെ ഇരയാണ്. ലഡാക്കും നേപ്പാളും ഭൂട്ടാനും സിക്കിമും അരുണാചൽ പ്രദേശും ചൈനയുടെ ലക്ഷ്യങ്ങളാണ്. എന്നാൽ ഇന്ത്യയുടെ പ്രതിരോധമാണ് ഈ പ്രദേശങ്ങളുടെ ഒക്കെയും കരുത്തെന്നും അദ്ദേഹം പറഞ്ഞു. ടിബറ്റൻ ജനതയുടെ വലിയൊരു വിഭാഗവും ഇന്ത്യയിൽ ജനിച്ചു വളർന്നവരാണ്. ഇന്ത്യൻ സംസ്കാരമാണ് പൊതുവിൽ ടിബറ്റൻ ജനത പിന്തുടരുന്നത്. അതു കൊണ്ട് തന്നെ ചൈനയ്ക്കെതിരെ തങ്ങൾ ഇന്ത്യക്ക് പിന്തുണ പ്രഖ്യാപിക്കുകയാണെന്നും സെൻട്രൽ ടിബറ്റൻ അഡ്മിനിസ്ട്രേഷൻ പ്രസിഡന്റ് ലോബ്സാംഗ് സാംഗേ വ്യക്തമാക്കി.
ടിബറ്റിന്റെ അവകാശങ്ങളെ അംഗീകരിക്കാൻ ചൈന തയ്യാറായിട്ടില്ല. അതിനാൽ ഒളിവിൽ കഴിയുകയാണ് ടിബറ്റൻ രാഷ്ട്രത്തലവനായ ലോബ്സാംഗ് സാംഗേ. ഇന്ത്യയിൽ രാഷ്ട്രീയ അഭയത്തിലാണ് ടിബറ്റൻ ആത്മീയ നേതാവായ ദലൈലാമ കഴിയുന്നത്.










