തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കണക്കുകൾ ക്രമാതീതമായി ഉയരുന്നത് ആശങ്ക സൃഷ്ടിക്കുന്നു. ഇന്ന് മാത്രം 90 പേർക്കാണ് സമ്പർക്കം വഴി സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചത്. ഇതിൽ 60 കേസുകളും തിരുവനന്തപുരത്താണ്.
രോഗബാധയുടെ തോത് ഏറ്റവും കൂടുതലുള്ള പൂന്തുറയിൽ കൊവിഡ് സൂപ്പര്‍ സ്പ്രെഡ് ആണെന്നാണ് സൂചന. ഒരാളിൽ നിന്ന് കൂടുതൽ ആളുകളിലേക്ക് രോഗ ബാധ ഉണ്ടാകുന്ന സാദ്ധ്യതയാണ് പരിശോധിക്കപ്പെടുന്നത്. രോഗ ബാധിതര്‍ ഏറെ ഉള്ള പൂന്തുറ മേഖലയിൽ അടക്കം അതീവ ജാഗ്രത വേണ്ട അവസ്ഥയാണെന്നാണ് വിലയിരുത്തൽ. അതീവ ഗുരുതരമായ സ്ഥിതിവിശേഷമാണ് ഈ മേഖലയിൽ നിലനിൽക്കുന്നത് എന്നും അധികൃതർ അഭിപ്രായപ്പെടുന്നു.
സംസ്ഥാനത്ത് ചിലയിടങ്ങളിൽ കൊവിഡ് ക്ലസ്റ്ററുകൾ രൂപപ്പെട്ടതായും സൂചനയുണ്ട്. പൂന്തുറയിൽ മത്സ്യതൊഴിലാളികൾ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്താണ് കൊവിഡ് പടര്‍ന്ന് പിടിക്കുന്നത്. എല്ലാ പ്രായത്തിലുള്ളവർക്കും രോഗം ബാധിക്കുന്നത ആശങ്ക ഇരട്ടിപ്പിക്കുന്നു.












