കൊച്ചി:തിരുവനന്തപുരം വിമാനത്താവളത്തിലെ യുഎഇ കോണ്‍സുലേറ്റിന്റെനയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ ഫാസില്‍ ഫരീദിനെ തേടി കസ്റ്റംസ്. യുഎഇയില്‍നിന്ന് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം അയച്ചത് ഫാസിലാണെന്നാണ് റിപ്പോര്‍ട്ട്. നയതന്ത്ര ബാഗേജുകള്‍ പരിശോധിക്കാന്‍ പാടില്ലെന്നാണ് നിയമം. എക്‌സറേ ഉള്‍പ്പെടെയുള്ള പരിശോധനകള്‍ക്ക് വിധേയമാക്കാത്ത ബാഗ് നിഷ്പ്രയാസം പുറത്തെത്തും.
ഈ സാഹചര്യത്തില്‍ വാതില്‍പിടിയിലും പൈപ്പിലും ഫാസില്‍ എന്തിന് സ്വര്‍ണം ഒളിപ്പിച്ചു എന്നാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. രഹസ്യ വിവരം ലഭിച്ചതിനാല്‍മാത്രമാണ് ബാഗ് പരിശോധിക്കാന്‍ കസ്റ്റംസ് തയ്യാറായത്.
മുമ്പ് ഈ രീതില്‍ അല്ല സ്വര്‍ണം കടത്തിയതെന്നാണ് സരിത്ത് കസ്റ്റംസിന് നല്‍കിയ മൊഴി . ബാര്‍, പേസ്റ്റ് രൂപത്തിലാണ് സ്വര്‍ണം കടത്തുന്നത്. 2019ല്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് സൂപ്രണ്ടിന്റെ സഹായത്തോടെ 25 കിലോ സ്വര്‍ണം ബാര്‍ രൂപത്തിലാണ് കടത്താന്‍ ശ്രമിച്ചത്. നയതന്ത്ര ബാഗേജില്‍ ഇത്രയും ശ്രമകരമായി സ്വര്‍ണം ഒളിപ്പിക്കാനുള്ള കാരണമാണ് അന്വേഷക സംഘം തേടുന്നത്. സരിത്തിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ഇതിനുള്ള ഉത്തരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സംഘം.
സ്വർണക്കടത്തുസംഘം ഹവാല ഇടപാടുകൾ നടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
നയതന്ത്ര പരിരക്ഷയുള്ള ബാഗേജുകൾക്ക് കോൺസുലേറ്റ് നേരിട്ടാണ് ബാങ്ക് വഴി പണം അടയ്‌ക്കുന്നത്. സരിത്ത് ഫാസിലിന് നേരിട്ട് പണം കൈമാറുകയായിരുന്നു. നയതന്ത്ര ബാഗിലൂടെയും ഫാസിലിന് പണം അയച്ചിരുന്നതായും കസ്റ്റംസ് സംശയിക്കുന്നു. ഹവാലയുടെ ഉറവിടവും അന്വേഷണ പരിധിയിലുണ്ട്.
Discussion about this post