ലണ്ടൻ: ചൈനീസ് കമ്പനികൾക്ക് ലോകവ്യാപകമായി തിരിച്ചടി തുടരുന്നു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ഹ്വാവേ, സീ ടി ഇ എന്നീ ടെലികോം കമ്പനികളെ 5ജി സേവന ശൃംഖലയിൽ നിന്ന് പുറത്താക്കാൻ ബ്രിട്ടൺ ഒരുങ്ങുന്നു. കൺസർവേറ്റീവ് പാർട്ടിയിലെ ഭൂരിപക്ഷം അംഗങ്ങളും തീരുമാനം ഉടൻ കൈക്കൊള്ളാൻ പ്രധാനമന്ത്രി ബോറിസ് ജോൺസണോട് ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് സൂചന.
ചൈനീസ് കമ്പനികൾക്ക് നിയന്ത്രണമേർപ്പെടുത്താനുള്ള തീരുമാനം അമേരിക്കയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. ഹോങ്കോംഗ് പ്രക്ഷോഭങ്ങൾക്ക് മേൽ ചൈന സ്വീകരിക്കുന്ന ജനാധിപത്യ വിരുദ്ധ നയങ്ങളും ഇന്ത്യയുമായുള്ള ചൈനയുടെ അതിർത്തി തർക്കങ്ങളും അമേരിക്കയെ ചൊടിപ്പിച്ചിരുന്നു. ചാരപ്രവൃത്തി ആരോപിച്ച് നിയന്ത്രണം കൊണ്ടു വരാനാണ് നീക്കം.
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി അടുത്ത ബന്ധം പുലർത്തുന്ന ചൈനീസ് കമ്പനികൾക്കെതിരെ അമേരിക്കയും നടപടി സ്വീകരിച്ചിരുന്നു. ഹ്വാവേ ടെക്നോളജീസിനും സീ ടി ഇ കോർപ്പറേഷനും എതിരെ അമേരിക്ക കഴിഞ്ഞ മാസം നടപടി സ്വീകരിച്ചിരുന്നു. വിവര ദുരുപയോഗം ആരോപിച്ച് ഇന്ത്യ ടിക് ടോക് അടക്കമുള്ള 59 ചൈനീസ് കമ്പനികൾക്ക് കഴിഞ്ഞ മാസം നിരോധനം ഏർപ്പെടുത്തിയിരുന്നു. ബ്രിട്ടണും ഈ കൂട്ടത്തിൽ അണിചേരുന്നത് ചൈനക്ക് കനത്ത തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.












