തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. കോഴിക്കോട് സ്വദേശികളായ ഷമീം, ജിഫ്സൽ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തുകയായിരുന്നു.
അതേസമയം തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണ്ണക്കടത്ത് കേസിൽ പിടിയിലായ സന്ദീപിനെയും സ്വപ്ന സുരേഷിനെയും എൻ ഐ എ ചോദ്യം ചെയ്തു വരികയാണ്. ഇവരിൽ നിന്ന് നിർണ്ണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. ഉന്നതരായ പല നേതാക്കളെയും ഉദ്യോഗസ്ഥരെയും കുറിച്ച് പ്രതികൾ നടത്തിയ വെളിപ്പെടുത്തലുകൾ എൻ ഐ എ ഉടൻ പുറത്ത് വിടുമെന്നാണ് കരുതുന്നത്. പ്രതികളെ കസ്റ്റംസ് ഇതു വരെ ചോദ്യം ചെയ്തിട്ടില്ല. എൻ ഐ എ ചോദ്യം ചെയ്യലിന് ശേഷം കസ്റ്റംസ് ഇവർക്കായി കസ്റ്റഡി അപേക്ഷ നൽകുമെന്നാണ് സൂചന.
തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദിനെതിരെ ഇന്റർപോൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്ത്യയുടെ അഭ്യർത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇയാൾ ഏത് വിമാനത്താവളം വഴി കടന്നാലും പിടികൂടാനാണ് നിർദ്ദേശം.
Discussion about this post