ചൈനയുമായുള്ള ജപ്പാന്റെ വ്യാപാരബന്ധവും അവസാനിക്കുന്നു. ചൈനയില്‍ നിന്ന് ജപ്പാനിലേക്ക് ഉത്പാദനം മാറ്റാന്‍ തയ്യാറായ കമ്പനികള്‍ക്ക് 536 മില്യണ്‍ ഡോളര്‍ സബ്‌സിഡി സഹായം പ്രഖ്യാപിച്ച് ജപ്പാന്‍ . ജപ്പാനിലെയും തെക്കുകിഴക്കന്‍ ഏഷ്യയിലെയും ഫാക്ടറികളില്‍ പണം നിക്ഷേപിക്കാന്‍ ഇത് കമ്പനികള്‍ക്ക് പ്രചോദനമാകുമെന്ന് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു.
ചൈനയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളില്‍ ഒന്നാണ് ജപ്പാന്‍. ചൈനയില്‍ നിന്നുള്ള ഉല്‍പാദന ആശ്രിതത്വം കുറയ്ക്കുന്നതിനായി ചൈനയ്ക്ക് പുറത്തുള്ള ഫാക്ടറികളില്‍ നിക്ഷേപം നടത്താന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കാന്‍ ജപ്പാന്‍ തീരുമാനിച്ചു. ചൈനയില്‍ നിന്ന് നിക്ഷേപം തിരികെ കൊണ്ടുവരാന്‍ 2019 ല്‍ തായ്വാന്‍ ചെയ്തതിന് സമാനമായാണ് ജപ്പാന്റെ നടപടി.
റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഫെയ്സ്മാസ്‌ക് നിര്‍മാതാക്കളായ ഐറിസ് ഒഹിയാമ ഇങ്ക് അല്ലെങ്കില്‍ ഷാര്‍പ്പ് കോര്‍പ്പ് ഉള്‍പ്പെടുന്ന 57 കമ്പനികള്‍ ചൈനയില്‍ നിന്ന് പിന്‍മാറുമെന്നാണ് സൂചന. ജപ്പാനിലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയം സബ്സിഡികളെക്കുറിച്ച് ജൂലൈ 18 ന് ആണ് പ്രഖ്യാപനം പുറത്തുവന്നത്.
വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മ്യാന്‍മര്‍, മറ്റ് തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിക്ഷേപം നടത്താനും 30ല്‍ അധിക കമ്പനികളെ സഹായിക്കുമെന്ന് സര്‍ക്കാര്‍ മറ്റൊരു പ്രഖ്യാപനത്തില്‍ അറിയിച്ചു. ഉല്‍പാദനം നാട്ടിലേക്ക് കൊണ്ടുവരികയോ ആസിയാന്‍ രാജ്യങ്ങളിലേക്ക് അവരുടെ നിക്ഷേപം വൈവിധ്യവത്കരിക്കുകയോ ചെയ്യേണ്ടതുണ്ടെന്നാണ് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ പറഞ്ഞത്.
ഏതെങ്കിലും ഒരു രാജ്യത്തെ മാത്രം ആശ്രയിക്കുന്നത് കുറയ്‌ക്കേണ്ടത് അത്യാവശ്യമാണെന്നും ചൈനയുടെ പേരെടുത്ത് പറയാതെ ആബെ വ്യക്തമാക്കി. ആദ്യ റൗണ്ടില്‍ മൊത്തം 70 ബില്യണ്‍ യെന്‍ സര്‍ക്കാര്‍ നല്‍കുമെന്ന് നിക്കി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഫാക്ടറികള്‍ ചൈനയ്ക്ക് പുറത്തേക്ക് മാറ്റാന്‍ കമ്പനികളെ സഹായിക്കുന്നതിനായി ഏപ്രിലില്‍ സര്‍ക്കാര്‍ 220 ബില്യണ്‍ യെന്‍ പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി ജപ്പാനും ചൈനയും തമ്മിലുള്ള ബന്ധം സുസ്ഥിരമായിരുന്നു. എന്നിരുന്നാലും, കൊറോണ വൈറസ് പാന്‍ഡെമിക്കും ദക്ഷിണ ചൈനാക്കടലിലെ ചൈനയുടെ ആക്രമണാത്മക മനോഭാവവും ചൈനയ്ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ ജപ്പാനെ നിര്‍ബന്ധിതരാക്കി.
വ്യാപാര യുദ്ധത്തിനിടയില്‍ യുഎസും ചൈനയും ബന്ധം കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് ട്രംപ് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹ്യൂവായ് ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പനികള്‍ക്ക് നിരവധി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയും ചൈനീസ് കമ്പനികളുമായുള്ള ബന്ധം വിച്ഛേദിക്കുകയാണ്.
പ്രാദേശിക നിര്‍മിത ഉല്‍പ്പന്നങ്ങള്‍ വാങ്ങാനും പ്രോത്സാഹിപ്പിക്കാനും പ്രധാനമന്ത്രി മോദിയും പൗരന്മാരോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഗാല്‍വാന്‍ താഴ്വരയിലെ സംഘർഷത്തിൻ്റെ പശ്ചാത്തലത്തില്‍ നിരവധി ചൈനീസ് കമ്പനികളുമായുള്ള കരാര്‍ ഇന്ത്യ അവസാനിപ്പിച്ചിരുന്നു.
Discussion about this post