ഡൽഹി: രാജസ്ഥാൻ രാഷ്ട്രീയ പ്രതിസന്ധിയിൽ കോൺഗ്രസ്സ് ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി. വിമതർക്കെതിരെ വെള്ളിയാഴ്ച വരെ നടപടിയെടുക്കാനാകില്ല. ഹൈക്കോടതി നിർദേശം സ്റ്റേ ചെയ്യണമെന്ന സ്പീക്കറുടെ ആവശ്യം സുപ്രീം കോടതിയും തള്ളി. കേസിൽ ഹൈക്കോടതിക്കു നാളെ തീരുമാനം പ്രഖ്യാപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
സംസ്ഥാന സർക്കാരിനെതിരെ നിലപാടെടുത്ത സച്ചിൻ പൈലറ്റിനും 18 വിമത എം എൽ എമാർക്കുമെതിരെ സ്പീക്കർ നൽകിയ കാരണം കാണിക്കൽ നോട്ടിസിനെതിരായ കേസിലാണ് രാജസ്ഥാൻ ഹൈക്കോടതി നാളെ വിധി പറയാനിരിക്കുന്നത്. അതുവരെ വിമതർക്കെതിരെ നടപടി എടുക്കരുതെന്നു കോടതി സ്പീക്കറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരായ സ്പീക്കറുടെ പരാതിയിലാണ് സുപ്രീം കോടതി നിലപാട് വ്യക്തമാക്കിയത്.
സ്പീക്കർക്കെതിരെ അതിശക്തമായ ഭാഷയിൽ സുപ്രീം കോടതി വിമർശനം ഉന്നയിച്ചു. നിഷ്പക്ഷമായ നിലപാടെടുക്കേണ്ട സ്പീക്കർ സുപ്രീം കോടതിയെ സമീപിച്ചതിനെ കോടതി വിമർശിച്ചു. ജനാധിപത്യ സമ്പ്രദായത്തിൽ ഭിന്നാഭിപ്രായമുള്ളവരുടെ ശബ്ദം ഇല്ലാതാക്കാന്‍ പറ്റില്ലെന്നു സുപ്രീം കോടതി സൂചിപ്പിച്ചു. ഇത് ഒരു ദിവസത്തെ കാര്യമാണ്, നിങ്ങൾക്ക് എന്തുകൊണ്ടു കാത്തിരുന്നുകൂടായെന്നും കോടതി ചോദിച്ചു.









Discussion about this post