ഡൽഹി: മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്ക് സഹായവുമായി കേന്ദ്രസർക്കാർ. 2018ലെ പ്രളയ റിപ്പോർട്ടിംഗിനിടെ വള്ളം മുങ്ങി മരിച്ച മാതൃഭൂമി ന്യൂസ് മാധ്യമപ്രവർത്തകൻ ഇ കെ സജിമോന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം നൽകി. കേന്ദ്രസർക്കാരിന്റെ മാധ്യമപ്രവർത്തക ക്ഷേമനിധിയിൽ നിന്നാണ് തുക അനുവദിച്ചത്.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ ജേണലിസ്റ്റ് വെൽഫെയർ സ്കീമിൽ ഗുരുതര രോഗം ബാധിച്ച മാധ്യമപ്രവർത്തകർക്കും കർത്തവ്യ നിർവ്വഹണത്തിനിടെ മരിച്ച മാധ്യമപ്രവർത്തകരുടെ കുടുംബങ്ങൾക്കുമാണ് സഹായം നൽകുന്നത്. പദ്ധതിയുടെ ഭാഗമായി നേരത്തെ തിരുവനന്തപുരത്ത് വാഹനമിടിച്ച് മരിച്ച സിറാജ് ബ്യൂറോ ചീഫ് കെ എം ബഷീറിന്റെ കുടുംബത്തിനും ധനസഹായം ലഭിച്ചിരുന്നു.
2018 ജൂലൈ 23നായിരുന്നു വാർത്താസംഘം സഞ്ചരിച്ച വള്ളം മറിഞ്ഞ് ഇ കെ സജിമോനും തിരുവല്ല സ്വദേശി ബിപിനും മരിച്ചത്. പദ്ധതിയുടെ ഭാഗമായി സജിമോന്റെ കുടുംബത്തിന് പരമാവധി തുക ലഭിച്ചതായി കോട്ടയം പ്രസ് ക്ലബ് പ്രതിനിധി സനിൽ കുമാർ അറിയിച്ചു. സജിമോന്റെ മരണത്തോടെ നിരാശ്രയരായ തങ്ങൾക്ക് ഈ തുക ലഭിച്ചത് വലിയ ആശ്വാസമാണെന്നും ഇതിന് കേന്ദ്രസർക്കാരിന് നന്ദി പറയുന്നതായും കുടുംബം അറിയിച്ചു.
Discussion about this post