കാബൂൾ: അഫ്ഗാനിസ്ഥാനിലെ സമാധാന ശ്രമങ്ങൾക്ക് വിലങ്ങു തടിയായി മേഖലയിൽ പാകിസ്ഥാൻ തീവ്രവാദികളുടെ സാന്നിദ്ധ്യം വർദ്ധിക്കുന്നതായി യുഎൻ റിപ്പോർട്ട്. അഫ്ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന താലിബാൻ ദളങ്ങളുടെ പിന്തുണയോടെ അൽഖ്വയിദ സജീവമായി ഭീകരരെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്ഥാന് പുറമെ ഇന്ത്യ, ബംഗ്ലാദേശ്, മ്യാന്മാർ എന്നിവിടങ്ങളിൽ നിന്നും ഭീകരരെ റിക്രൂട്ട് ചെയ്യുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്. കൊടും ഭീകരൻ അസീം ഉമറിന്റെ വധത്തിന് പ്രതികാരം ചെയ്യാൻ സംഘം വൻ ആക്രമണങ്ങൾക്ക് പദ്ധതിയിടുന്നതായാണ് സൂചന. തെഹ്രീക് ഇ താലിബാൻ പാകിസ്ഥാൻ ഘടകം നിരവധി ചെറു ഭീകര സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നതും ഭീഷണിയാണ്.
തെഹ്രീക് ഇ താലിബാന്റെ പല നേതാക്കളും ഇറാഖിലും സിറിയയിലും ഇസ്ലാമിക് സ്റ്റേറ്റിനു കീഴിൽ പ്രവർത്തിച്ചു തിരിച്ചെത്തിയവരാണ്. ഇവർ അൽഖ്വയിദയിൽ സജീവമായി പ്രവർത്തിക്കുന്നതിന്റെ ഫലമായി അഫ്ഗാനിസ്ഥാനിലെ 12 പ്രവിശ്യകളിൽ ഭീകരർ സ്വാധീനം തിരിച്ചു പിടിച്ചതായും റിപ്പോർട്ടുണ്ട്.
2009ന് ശേഷം അകൽച്ചയിലായിരുന്ന ഹഖാനി ശൃംഖലയും അൽഖ്വയിദയും വീണ്ടും ഒന്നിച്ചതായാണ് സൂചന. 2020 ഫെബ്രുവരിയിൽ അൽ സവാഹിരി യഹ്യ ഹഖാനിയുമായി കൂടിക്കാഴ്ച നടത്തിയത് ഇതിന്റെ തെളിവായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
2020 ഏപ്രിൽ- മെയ് മാസങ്ങളിലായി രാജ്യവ്യാപകമായി സൈനിക നടപടികൾക്ക് അഫ്ഗാൻ സേന പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി കൊടും ഭീകരരായ അസ്ലാം ഫറൂഖിയെയും സിയ ഉൾ ഹഖിനെയും സൈന്യം പിടികൂടിയിരുന്നു. ഇവരിൽ നിന്നും കിട്ടിയ വിവരമനുസരിച്ച് അഫ്ഗാനിസ്ഥാനെ മേഖലയിലെ തീവ്രവാദത്തിന്റെ കേന്ദ്രമാക്കാനാണ് ഭീകരർ പദ്ധതിയിടുന്നതെന്ന് വ്യക്തമായിരുന്നു. അമേരിക്കയുമായി സന്ധി ചെയ്ത താലിബാൻ വിഭാഗത്തിലെ നേതാക്കളെ ആക്രമിക്കാനും ഭീകരർക്ക് പദ്ധതിയുള്ളതായി വിവരം ലഭിച്ചിരുന്നു.
മാലിദ്വീപിലും ഭീകരശൃഖല സ്ഥാപിക്കാൻ തെഹ്രീക് ഇ താലിബാൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നുണ്ട്. മാലിദ്വീപ് കേന്ദ്രമാക്കി ദക്ഷിണേഷ്യയിൽ ആക്രമണങ്ങൾ സംഘടിപ്പിക്കാൻ ഭീകരർ സജ്ജമാകുന്നതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.













Discussion about this post