തലകീഴായി മറഞ്ഞു കിടന്നിരുന്ന മീൻവള്ളത്തിൽ നിന്നും മത്സ്യത്തൊഴിലാളികളെ നാവികസേനയുടെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തി.രാമേശ്വരത്തിന് സമീപത്തെ മണാലി ദ്വീപിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ മീൻവള്ളത്തിലെ ആളുകളെയാണ് ഐഎൻഎസ് പരുന്ദു നാവികത്താവളത്തിൽ നിന്നെത്തിയ ഹെലികോപ്റ്ററിൽ രക്ഷപ്പെടുത്തിയത്.
പാമ്പൻ പാലത്തിന്റെ തെക്കു ഭാഗത്തായി മീൻവള്ളം മറഞ്ഞു കിടക്കുന്ന വിവരം ഇന്ന് രാവിലെയോടെയാണ് മണ്ഡപം കോസ്റ്റ്ഗാർഡ് അറിയിച്ചതെന്നും വിവരം ലഭിച്ച ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിക്കുകയായിരുന്നെന്നും നാവികസേന വ്യക്തമാക്കി.
കടൽക്ഷോഭത്തെ തുടർന്ന് വള്ളം ഭാഗികമായി മുങ്ങിയ നിലയിലായിരുന്നു. വള്ളത്തിലുണ്ടായിരുന്ന 8 പേരിൽ 4 പേരെ ഹെലികോപ്റ്റർ രക്ഷപ്പെടുത്തിയപ്പോൾ ബാക്കി 4 പേരെ രക്ഷിക്കാനെത്തിയത് മറ്റൊരു മീൻപിടുത്ത ബോട്ടാണ്.കോസ്റ്റ് ഗാർഡിന്റെയും സൈന്യത്തിന്റെയും സന്ദർഭോചിതമായ ഇടപെടലാണ് 8 മീൻപിടിത്തക്കാരുടെ ജീവൻ രക്ഷിച്ചത്.
Discussion about this post