ഭോപ്പാല്‍: കൊറോണ വൈറസ് ബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്റെ ഭാര്യയുടെയും മക്കളുടെയും പരിശോധനാ ഫലം നെഗറ്റീവ്. ഞായറാഴ്ച വന്ന പരിശോധനാ ഫലത്തില്‍ മുഖ്യമന്ത്രിയുടെ ഭാര്യ സാധന, മക്കളായ കാര്‍ത്തികേയ, കുനാല്‍ എന്നിവര്‍ക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. മുന്‍കരുതല്‍ എന്ന നിലയില്‍ കുടുംബാംഗങ്ങള്‍ 14 ദിവസത്തെ ക്വാറന്റൈനില്‍ പോയിരുന്നു.
ശനിയാഴ്ചയാണ് മുഖ്യമന്ത്രിക്ക് കൊറോണ സ്ഥിരീകരിച്ചത്. ചൗഹാനെ ഭോപ്പാലിലെ ചിരായു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ആശുപത്രിക്കിടക്കയില്‍ തുടര്‍ന്നുകൊണ്ട് ചൗഹാന് പ്രധാനമന്ത്രിയുടെ മന്‍കി ബാത് കാണുന്ന ഫോട്ടോ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പുറത്തുവിട്ടിരുന്നു. വൈറസ് ബാധിതനെങ്കിലും ചൗഹാന് ആരോഗ്യവാനാണെന്ന് ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
രാജ്യത്ത് കൊറോണ സ്ഥിരീകരിക്കുന്ന ആദ്യ മുഖ്യമന്ത്രിയാണ് ചൗഹാന്. രോഗലക്ഷണങ്ങള്‍ നേരത്തെ പ്രകടമായിരുന്നുവെന്നും പരിശോധനയില്‍ ഫലം പോസിറ്റീവാണെന്നും മുഖ്യമന്ത്രി ട്വീറ്റ് ചെയ്യുകയായിരുന്നു. അടുത്തിടപഴകിയ ആളുകള്‍ ക്വാറന്റൈനില്‍ പോകണമെന്നും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ രോഗപരിശോധന നടത്തണമെന്നും അദ്ദേഹം ട്വിറ്ററിലൂടെ അഭ്യര്‍ഥിച്ചിരുന്നു.
Discussion about this post