ഡല്‍ഹി: രാജ്യത്ത് കൊറോണ പരിശോധനകളുടെ എണ്ണവും ഗണ്യമായി ഉയരുന്നതായി കേന്ദ്രസർക്കാർ. ഇതുവരെയുളള കൊറോണ പരിശോധനകളുടെ എണ്ണം രണ്ടു കോടി കടന്നതായി കേന്ദ്രം വ്യക്തമാക്കി. രാജ്യത്ത് രോഗ മുക്തമായവരുടെ എണ്ണം ചികിത്സയില്‍ കഴിയുന്നവരുടെ ഇരട്ടിയായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
6.6 ലക്ഷം പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. പ്രതിദിന പരിശോധനകളുടെ എണ്ണം ദിവസങ്ങള്‍ക്കകം തന്നെ പത്തുലക്ഷമാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. അടുത്തിടെയായി അഞ്ചുലക്ഷത്തിന് മുകളിലാണ് പ്രതിദിന പരിശോധനകളുടെ എണ്ണം.
ആദ്യ ലോക്ക്ഡൗണ്‍ മുതല്‍ പരിശോധിച്ചാല്‍ രാജ്യത്തിന്റെ മരണനിരക്ക് ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം സെക്രട്ടറി രാജേഷ് ഭൂഷണ് പറയുന്നു. 17 ജൂണില്‍ ശരാശരി മരണനിരക്ക് 3.36 ശതമാനമായിരുന്നു. നിലവില്‍ ഇത് 2.10 ശതമാനമായി താഴ്ന്നിരിക്കുകയാണ്. ഇത് ആശ്വാസം നല്കുന്ന കണക്കാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തെ ശരാശരി മരണനിരക്കുമായി താരതമ്യം ചെയ്താല്‍ കുറഞ്ഞ മരണനിരക്കുളള രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെടും.
ടെസ്റ്റുകളുടെ എണ്ണത്തില്‍ ഗോവ, ഡല്‍ഹി, ത്രിപുര എന്നി സംസ്ഥാനങ്ങളാണ് മുന്നില്‍. പത്തുലക്ഷം പേരെ അടിസ്ഥാനമാക്കിയാണ് ഈ കണക്ക്. ഗോവയില്‍ ഇത് 84,927 ആണ്. ഡല്‍ഹി 57,855, ത്രിപുര 40271, തമിഴ്നാട് 35,439 എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിദിന കോവിഡ് പരിശോധനകളുടെ കണക്ക്. ഇന്ത്യയുടെ ശരാശരി 15119 ആണ്. പരിശോധനകളുടെ എണ്ണത്തില്‍ മുന്‍നിരയിലുളള സംസ്ഥാനങ്ങളുടെ കൂട്ടത്തില്‍ കേരളമില്ലെന്നത് ശ്രദ്ധേയമാണ്.
Discussion about this post