മലപ്പുറം: രാമക്ഷേത്ര നിർമ്മാണത്തെ അനുകൂലിച്ച് പ്രസ്താവന നടത്തിയ കോൺഗ്രസ്സ് നേതാവ് പ്രിയങ്ക ഗാന്ധിക്കെതിരെ പ്രമേയവുമായി മുസ്ലീം ലീഗ്. അയോദ്ധ്യയിലെ രാമക്ഷേത്രത്തിനുളള ഭൂമി പൂജ, രാജ്യത്തിന്റെ ഐക്യവും സാഹോദര്യവും സാംസ്കാരിക സമന്വയവും വിളംബരം ചെയ്യുന്നതാണെന്ന കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെയാണ് ലീഗിന്റെ പ്രമേയം.
പ്രിയങ്കയുടെ പ്രസ്താവന അനവസരത്തിലുള്ളതാണെന്നും അതിനോട് വിയോജിക്കുന്നുവെന്നും ലീഗ് വ്യക്തമാക്കി. ഇന്ന് രാവിലെ ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന യോഗത്തിലാണ് പ്രമേയം പാസാക്കിയത്.
രാമൻ ലാളിത്യം, ധൈര്യം, ക്ഷമ, ത്യാഗം, ആത്മാർത്ഥത എന്നിവയുടെ മൂർത്തീഭാവമാണെന്നും രാമൻ എല്ലായിടത്തും ഏവരിലും കുടികൊളളുന്നുവെന്നും പ്രിയങ്ക കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. രാമന്റെയും സീതാ ദേവിയുടെയും അനുഗ്രഹത്തോടെ നടക്കുന്ന ഭൂമിപൂജാ ചടങ്ങ് രാജ്യത്ത് ഐക്യവും സാഹോദര്യവും സാസ്കാരിക സമന്വയവും പുലരാനുള്ള സാഹചര്യമൊരുക്കുമെന്നും പ്രിയങ്ക പറഞ്ഞിരുന്നു. കമൽനാഥ്, മനീഷ് തീവാരി തുടങ്ങിയ കോൺഗ്രസ്സ് നേതാക്കളും ചടങ്ങിന് ആശംസകൾ നേർന്നിരുന്നു.
അതേസമയം രാമക്ഷേത്ര നിർമ്മാണത്തിന് ആശംസകൾ നേർന്ന് കോൺഗ്രസ്സ് നേതാവും വയനാട് എം പിയുമായ രാഹുൽ ഗാന്ധിയും രംഗത്തെത്തി. രാമനെന്നാൽ സ്നേഹവും നീതിയുമാണെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
Discussion about this post