തിരുവനന്തപുരം: മഴ അതിശക്തമായതോടെ സംസ്ഥാനത്തെ എട്ട് അണക്കെട്ടുകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച് കേരള ഇലക്ട്രിസിറ്റി ബോര്‍ഡ്. കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, പൊന്മുടി, ഇരട്ടയാര്‍, പെരിങ്ങല്‍കുത്ത്, കല്ലാര്‍, കുറ്റിയാടി അണക്കെട്ടുകളിലാണ് കെഎസ്ഇബി അപായ സൂചന സന്ദേശം പുറപ്പെടുവിച്ചത്.
മുന്നറിയിപ്പോടെ ഈ അണക്കെട്ടുകള്‍ ഏതു നിമിഷവും തുറക്കാം. തീരത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും കെഎസ്ഇബി മുന്നറിയിപ്പ് നല്കി.
തമിഴ്നാട് ഷോളയാര്‍ ഡാം പൂര്‍ണ സംഭരണ നിലയില്‍ ആയതിനെ തുടര്‍ന്ന് സ്പില്‍വേ ഷട്ടറുകള്‍ തുറന്ന് 3000 ക്യുസെക്സ് ജലം കേരള ഷോളയാറിലേക്ക് ഒഴുക്കാന്‍ തുടങ്ങി. ഇന്നലെ രാത്രി 8.15നാണ് ഷട്ടറുകള്‍ തുറന്നത്. പെരിങ്ങല്‍ക്കുത്തിന്റെ മുകളിലുള്ള കേരള ഷോളയാര്‍ ഡാമില്‍ സംഭരണ ശേഷിയുടെ 57.31 ശതമാനം മാത്രമാണ് ഇപ്പോള്‍ ജലം സംഭരിച്ചിട്ടുള്ളത്. 2635 അടിയാണ് ഇന്ന് രാവിലത്തെ ജലനിരപ്പ്. പൂര്‍ണ സംഭരണ നില 2663 അടിയാണ്. അതിനാല്‍ തമിഴ്നാട് ഷോളയാറില്‍ നിന്ന് എത്തുന്ന വെള്ളം സംഭരിക്കാന്‍ കേരള ഷോളയാറിന് കഴിയുമെന്നതിനാല്‍ പെരിങ്ങല്‍ക്കുത്തില്‍ ആശങ്കയില്ലെന്നാണ് നിരീക്ഷണം. 95 ശതമാനം വരെ കേരള ഷോളയാറില്‍ ജലം സംഭരിച്ചു നിര്‍ത്താന്‍ കഴിയുമെന്ന് കെഎസ്ഇബി വ്യക്തമാക്കി.
Discussion about this post