ഐസ്വാള്‍: ഭൂചലനം മൂലമുണ്ടായ ദുരിതം അനുഭവിക്കുന്നവരെ സന്ദർശിക്കാനെത്തിയ എംഎല്‍എ വീണ്ടും ഡോക്ടര്‍ കുപ്പായമണിഞ്ഞു. മണ്ഡല സന്ദര്‍ശനത്തിനിടെയാണ് ആശുപത്രിയില്‍ പ്രസവവേദന അനുഭവിക്കുന്ന യുവതിയെ ചികിത്സിക്കാന്‍ ഡോക്ടര്‍ ഇല്ലെന്ന വിവരം അറിയുന്നത്.
യുവതിയുടെ ആരോഗ്യസ്ഥിതി വച്ച് മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാനും കഴിയില്ല. ഈ സാഹചര്യത്തിലാണ് മിസോറാമിലെ എംഎല്‍എ തിയാം സങ്ക ആശുപത്രിയിലെത്തി യുവതിക്ക് ശസ്ത്രക്രിയ നടത്തിയത്.
ഗൈനക്കോളജിയിൽ വിദഗ്ധനായ ഡോക്ടര്‍ പലപ്പോഴും മണ്ഡലസന്ദര്‍ശന വേളയില്‍ സ്റ്റെതസ്കോപ്പ് കൈയില്‍ കരുതും. തിങ്കളാഴ്ച മണ്ഡലത്തിലെ ചമ്പായ് പ്രദേശത്തെ ഭുചലന മേഖലകള്‍ സന്ദര്‍ശിക്കാനും കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തുന്നതിനുമായി എത്തിയതായിരുന്നു അദ്ദേഹം. അപ്പോഴാണ് ആശുപത്രിയിലെ ഡോക്ടര്‍ ലീവാണെന്നും പ്രസവവേദന അനുഭവിക്കുന്ന യുവതിയുടെ ആരോഗ്യനില ഗുരുതരമാണെന്നും അറിയുന്നത്.
താന്‍ എത്തുമ്പോള്‍ മുപ്പത്തിയെട്ടുകാരിയായ പൂര്‍ണഗര്‍ഭിണിക്ക് പ്രസവവേദന തുടങ്ങിയിരുന്നതായും രക്തസ്രാവത്തെ തുടര്‍ന്ന് ആരോഗ്യനില ഗുരുതരമായിരുന്നെന്നും എംഎല്‍എ പറഞ്ഞു. മറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ പറ്റാത്ത രീതിയിലായിരുന്നു അവരുടെ ആരോഗ്യനില. ഉടന്‍ തന്നെ യുവതിയെ ശസ്ത്രക്രിയക്ക് വിധേയയാക്കുകയായിരുന്നെന്ന് എംഎല്‍എ പറഞ്ഞു.
ഡോക്ടറും കുഞ്ഞും സുഖമായി ഇരിക്കുന്നതായി എംഎല്‍എ പറഞ്ഞു. ആവശ്യഘട്ടങ്ങളില്‍ ആളുകളെ സഹായിക്കുകയെന്നത് തന്റെ കടമായാണെന്നും എംഎല്‍എ വ്യക്തമാക്കി.
Discussion about this post