ഡൽഹി: ഇ ഐ എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട കേസിൽ കേന്ദ്രസർക്കാരിന് നേട്ടം. കേസുമായി ബന്ധപ്പെട്ട് കേന്ദ്ര വനം-പരിസ്ഥിതി സെക്രട്ടറിക്കെതിരെ ഡല്‍ഹി ഹൈക്കോടതി ആരംഭിച്ച കോടതി അലക്ഷ്യ നടപടികൾ സുപ്രീം കോടതി സ്റ്റേ ചെയ്തു. കരട് വിജ്ഞാപനം മറ്റ് ഭാഷകളിൽ പ്രസിദ്ധീകരിക്കത്തതിന് എതിരായ നടപടികളാണ് സ്റ്റേ ചെയ്തിരിക്കുന്നത്.
ഇ ഐ എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജികളിലെ നടപടികള്‍ തുടരാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. ഔദ്യോഗിക ഭാഷാ ചട്ട പ്രകാരം ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ മാത്രമേ വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ കഴിയൂ എന്ന് കേന്ദ്രസർകാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കിയിരുന്നു. വിവര്‍ത്തനം പലപ്പോഴും ഫലപ്രദം ആയിരിക്കില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ ചൂണ്ടിക്കാട്ടി. ആല്‍ബര്‍ട്ട് ഐന്‍സ്‌റ്റൈന്‍ ഭഗവത്ഗീത ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്യാന്‍ ശ്രമിച്ചത് അദ്ദേഹം ചൂണ്ടിക്കാട്ടി. ആധ്യാത്മികമായ ഗവേഷണ പ്രബന്ധമായി വിവര്‍ത്തനം ചെയ്യാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ അത് ഫലം കണ്ടില്ല. അലങ്കാരപ്പണികൾ ചെയ്ത തുണിയുടെ പിറകുവശം പോലെയാണ് വിവർത്തനമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാൽ ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിലെ ജനങ്ങള്‍ക്ക് ഹിന്ദി, ഇംഗ്ലീഷ് എന്നിവയില്‍ ഇറങ്ങുന്ന വിജ്ഞാപനം വായിച്ചാല്‍ പൂര്‍ണ്ണമായ തോതില്‍ അര്‍ഥം മനസിലായിക്കൊള്ളണമെന്നില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ ചൂണ്ടിക്കാട്ടി. ഔദ്യോഗിക ഭാഷാ ചട്ടത്തില്‍ ഭേദഗതി കൊണ്ട് വരുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന് പരിഗണിച്ച് കൂടേയെന്നും അദ്ദേഹം ആരാഞ്ഞു.







