ഡൽഹി: അഫ്ഗാനിസ്ഥാനിലെ കാബൂളിൽ 27 പേരുടെ മരണത്തിന് കാരണമായ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ കാസർകോട് സ്വദേശിയായ മുഹമ്മദ് മുഹ്സിൻ ആണെന്ന് ഡി എൻ എ ഫലം. മാർച്ച് 25ന് ചാവേർ ആക്രമണം നടന്ന ഗുരുദ്വാരയിൽ നിന്നും അഫ്ഗാൻ അധികൃതർ ശേഖരിച്ച ഡി എൻ എ സാമ്പിളുകളും മുഹ്സിന്റെ മാതാവ് മൈമുന അബ്ദുള്ളയിൽ നിന്നും എൻ ഐ എ ശേഖരിച്ച രക്തസാമ്പിളുകളും സമാനമാണെന്ന് ഫോറൻസിക് പരിശോധനയിൽ വ്യക്തമായി.
കശ്മീരിലെ ജിഹാദി നേതാവ് ഇജാസ് അഹങ്കാറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന ഭീകരസംഘത്തിൽ പെട്ട ആളായിരുന്നു 1991ൽ തൃക്കരിപ്പൂരിൽ ജനിച്ച മുഹ്സിൻ. ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിൽ പ്രചരിച്ച വിവരങ്ങളിൽ നിന്നും ആക്രമണത്തിലെ മുഹ്സിന്റെ സാന്നിദ്ധ്യത്തെക്കുറിച്ച് വ്യക്തമായ സൂചനകൾ ഉണ്ടായിരുന്നു.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം മലേഷ്യയിലേക്ക് കടന്ന മുഹ്സിൻ പിന്നീട് ദുബായിലേക്ക് പോയി. 2018 വരെ ദുബായിൽ കഴിഞ്ഞ ശേഷമാണ് ഇയാൾ ഇജാസിന്റെ സംഘത്തിൽ ചേരാൻ അഫ്ഗാനിസ്ഥാനിലേക്ക് പുറപ്പെട്ടത്.
കാബൂൾ ഗുരുദ്വാര ആക്രമണത്തെ തുടർന്ന് ഏപ്രിൽ മാസത്തിൽ കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തിരുന്നു. വിദേശ രാജ്യങ്ങളിൽ നടക്കുന്ന ഭീകരാക്രമണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ എൻ ഐ എക്ക് അധികാരം നൽകുന്ന നിയമഭേദഗതിക് ശേഷം ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്ത നിർണ്ണായകമായ കേസായിരുന്നു ഇത്.
അബ്ദുൾ റാഷിദ് അബ്ദുള്ള എന്ന ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദിയുടെ നേതൃത്വത്തിൽ 2016ൽ കേരളത്തിൽ നിന്നും സ്ത്രീകളും കുട്ടികളുമടങ്ങുന്ന സംഘം തീവ്രവാദ പ്രവർത്തനങ്ങൾക്കായി അഫ്ഗാനിസ്ഥാനിലേക്ക് കടന്നിരുന്നു. 26 പേരടങ്ങുന്ന സംഘം അഫ്ഗാനിസ്ഥാനിലെ പല വിദ്ധ്വംസക പ്രവർത്തനങ്ങളിലും പിന്നീട് പങ്കാളികളായി.
അഫ്ഗാനിസ്ഥാനിലെ ജലാലാബാദ് ജയിലിൽ കുറച്ച് ദിവസങ്ങൾക്ക് മുൻപ് നടന്ന സ്ഫോടനത്തിൽ ചാവേറുകളായി കൊല്ലപ്പെട്ട ഭീകരർക്ക് നേതൃത്വം നൽകിയതും ഈ സംഘത്തിൽ പെട്ട മലയാളിയായിരുന്നു. ഇജാസ് കല്ലുകെട്ടിയ പുരയിൽ എന്ന ഇയാൾ ഒരു ദന്തരോഗ വിദഗ്ദ്ധനായിരുന്നു. പെരുന്നാളിന്റെ പശ്ചാത്തലത്തിൽ ജയിലിൽ നിന്നും ഭീകരവാദികളെ മോചിപ്പിക്കാൻ ലക്ഷ്യമിട്ട നടത്തിയ ആക്രമണത്തിൽ അന്ന് 29 പേർ കൊല്ലപ്പെട്ടിരുന്നു.
കേരളത്തിൽ നിന്നും അഫ്ഗാനിസ്ഥാനിലേക്ക് പോയ ജിഹാദികളുടെ ഭാര്യമാർക്കും കുട്ടികൾക്കുമൊപ്പം അഫ്ഗാൻ അധികൃതരുടെ കസ്റ്റഡിയിലാണ് ഇജാസിന്റെ ഭാര്യ റഫിയയും അഞ്ചു വയസ്സുകാരനായ മകൻ അയാനും. ഇജാസിന്റെ ഇളയ സഹോദരൻ ഷിയാസും ഭാര്യ അജ്മലയും നാംഗർഹാറിൽ അമേരിക്കൻ സൈന്യം നടത്തിയ ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ഈ വർഷമാദ്യം അഫ്ഗാൻ ഇന്റലിജൻസ് ഏജൻസിയായ നാഷണൽ ഡയറക്ടറേറ്റ് സെക്യൂരിറ്റി നടത്തിയ പരിശോധനയിൽ ഭീകര സംഘത്തലവൻ ഇജാസ് അഹങ്കാർ പിടിയിലായിരുന്നു. ഇസ്ലാമിക് സ്റ്റേറ്റിന്റെ ആജ്ഞാനുവർത്തികളായി പ്രവർത്തിച്ചിരുന്ന ഇവർ പാക് ചാരസംഘടനയായ ഐ എസ് ഐ പിന്തുണയോടെ ഹഖാനി ശൃംഖലയുടെ ഭാഗമായി പ്രവർത്തിച്ചു വരികയായിരുന്നു.
Discussion about this post