മൗറീഷ്യസിന്റെ തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന കപ്പലിലെ എണ്ണ ചോർച്ച നിയന്ത്രിക്കുന്നതിനായി ഇന്ത്യ 30 ടൺ സാങ്കേതിക ഉപകരണങ്ങൾ അയച്ചു. മൗറീഷ്യസിന്റെ അഭ്യർത്ഥനയെ തുടർന്നാണ് ഇന്ത്യൻ വ്യോമസേനയുടെ എയർക്രാഫ്റ്റിൽ സാങ്കേതിക ഉപകരണങ്ങൾ എത്തിച്ചതെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.എണ്ണ ചോർച്ച തടയുന്നതിനുള്ള നടപടികൾ കൈകാര്യം ചെയ്യുന്നതിൽ പ്രത്യേക പരിശീലനം നേടിയ 10 ഇന്ത്യൻ കോസ്റ്റ് ഗാർഡുകളെയും മൗറീഷ്യസിലേക്ക് അയച്ചിട്ടുണ്ട്.ഇന്ത്യ മുമ്പ് കോവിഡ് വൈറസിനെതിരെ പൊരുതാൻ ദ്വീപ് രാഷ്ട്രമായ മൗറീഷ്യസിന് മെഡിക്കൽ സഹായങ്ങൾ നൽകിയിരുന്നു.
അതേസമയം, മൗറീഷ്യസിലെ പവിഴപുറ്റിലിടിച്ചു തകർന്ന ജപ്പാന്റെ എണ്ണക്കപ്പൽ രണ്ടായി പിളർന്നുവെന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ.കഴിഞ്ഞ ജൂലൈ 25 നാണ് ജപ്പാന്റെ എംവി വകാഷിയോ കപ്പൽ പവിഴപ്പുറ്റിലിടിക്കുന്നത്. ഇതേതുടർന്ന് ആയിരം ടണ്ണിലേറെ എണ്ണയാണ് ഇന്ത്യൻ മഹാസമുദ്രത്തിൽ ഒഴുകിപരന്നത്.ഇതേ തുടർന്ന് മൗറീഷ്യസിൽ പാരിസ്ഥിതിക അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
Discussion about this post