ഡല്‍ഹി : ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുന്ന വിദ്യാസമ്പന്നരായ ഇന്ത്യന്‍ യുവാക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഐഎസിന്റെ ഇന്ത്യയിലെ സ്വാധീനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇതുമായി ബന്ധപ്പെട്ടുള്ള ശ്രദ്ധേയമായ നിരീക്ഷണമുള്ളത്. ഇവരില്‍ പലരും ഐഎസില്‍ ചേരുകയോ ഐഎസിന്റെ ശക്തി കേന്ദ്രങ്ങളായ ഇറാഖിലേക്കും സിറിയയിലേക്കും പോവുകയോ ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
രാജ്യത്തെ മധ്യവര്‍ഗ കുടുംബങ്ങളില്‍നിന്നുള്ള ഉന്നത വിദ്യാഭ്യാസമുള്ള 17 യുവാക്കളെ കാണാതായ സംഭവം കേന്ദ്രസര്‍ക്കാര്‍ ഗൗരവമായി അന്വേഷിച്ചുവരികയാണെന്ന് സംഭവം റിപ്പോര്‍ട്ട് ചെയ്ത ദേശീയ മാധ്യമം പറയുന്നു. അടുത്തിടെ കാണാതായവരാണ് ഇവര്‍. ഇവരില്‍ മിക്കവര്‍ക്കും ചില ഇസ്ലാമിക് രാഷ്ട്രീയ പാര്‍ട്ടികളുമായി ബന്ധമുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഭീകരവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടില്ല.
അടുത്തിടെ, 12 സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ആഭ്യന്തര സെക്രട്ടറിമാരെയും ഉള്‍പ്പെടുത്തി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഒരു ഉന്നതതല യോഗം സംഘടിപ്പിച്ചിരുന്നു. സംശയാസ്പദമായ സാഹചര്യങ്ങളില്‍ രാജ്യത്ത്നിന്നും യുവാക്കളെ കാണാതാകുന്നതുമായി ബന്ധപ്പെട്ടായിരുന്നു യോഗം. കാണാതായ യുവാക്കളില്‍ പലരും ഇസ്ലാമിക് സ്റ്റേറ്റില്‍ ചേരുകയോ ഇവരുടെ സ്വാധീന പ്രദേശങ്ങളിലേക്ക് കടക്കുകയോ ചെയ്തതായാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ നല്കുന്ന വിവരം. ഐഎസിനായി പോരാടവെ ഇവരില്‍ ചിലര്‍ കൊല്ലപ്പെട്ടിരിക്കാനുള്ള സാധ്യതയും ഇന്റലിജന്‍സ് ഏജന്‍സികള്‍ തള്ളിക്കളഞ്ഞിട്ടില്ല.
Discussion about this post