ഡല്‍ഹി : ദാവൂദ് ഇബ്രാഹിമിന്റേതെന്നു ഇന്ത്യ കണ്ടെത്തിയ പാക്കിസ്ഥാനിലെ വിലാസങ്ങളില്‍ തെറ്റു കടന്നുകൂടിയതായി റിപ്പോര്‍ട്ട്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് തല ചര്‍ച്ചയില്‍ ഇന്ത്യ കൈമാറാനിരുന്ന തെളിവുകളുടെ കൂട്ടത്തിലുള്ളതാണ് ഈ വിലാസങ്ങള്‍. ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്ന ഇന്ത്യയുടെ വാദത്തിനു ബലം കൂട്ടുന്നതായിരുന്നു തെളിവുകള്‍. ഇതിലാണ് തെറ്റു കടന്നുകൂടിയിരിക്കുന്നത്. ദേശീയ മാധ്യമമായ ദി ഹിന്ദുവാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
കണ്ടെത്തിയ വിലാസങ്ങളിലൊന്ന് ഐക്യരാഷ്ട്രസഭയിലേക്കുള്ള പാക്കിസ്ഥാന് പ്രതിനിധി മലീഹ ലോധിയുടേതാണെന്ന് പാക്ക് പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതേസമയം, മാധ്യമങ്ങളില്‍ വന്ന വിലാസങ്ങള്‍ ഔദ്യോഗികമായി പുറത്തുവിട്ടതല്ലെന്ന് ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ കൈവശമുണ്ടായിരുന്ന രേഖകള്‍ ഇതുതന്നെയാണോ എന്ന് മന്ത്രാലയത്തിനും അറിയില്ല.
മെയ്ന്‍ മാര്‍ഗല്ല റോഡ്, എഫ് 6/2, ഹൗസ് നമ്പര്‍ 7, സ്ട്രീറ്റ് 17, ഇസ്ലാമാബാദ് എന്ന വിലാസം മുന്‍ യുഎസ് അംബാസ്സഡറും നിലവില്‍ യുഎന്നിലെ പാക്ക് പ്രതിനിധിയുമായ ലോധിയുടേതാണ്. ഇന്ത്യയുടെ തെറ്റ് പാക്ക് മാധ്യമങ്ങള്‍ വലിയ രീതിയില്‍ പ്രചരിപ്പിച്ചു. ലോധിയുടെ വീടിന്റെ ചിത്രങ്ങള്‍ വച്ചാണ് മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയത്. വര്‍ഷങ്ങളായി ലോധിയുടെ കുടുംബമാണ് ഇവിടെ താമസിക്കുന്നത്. ഇപ്പോള്‍ ലോധി വിദേശത്തായതിനാല്‍ സ്റ്റാഫ് അംഗങ്ങളാണ് ഇവിടെ താമസിക്കുന്നതെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മറ്റൊരു വിലാസമായ മാര്‍ഗല്ല റോഡ്, പി 6/2, സ്ട്രീറ്റ് നമ്പര്‍ 22, ഹൗസ് നമ്പര്‍ 29, ഇസ്ലാമാബാദ് എന്നതിലും തെറ്റുണ്ട്. ഇസ്ലാമാബാദില് പി എന്നൊരു സെക്ടറില്ല.
അതേസമയം, 20 വര്‍ഷങ്ങളെടുത്താണ് വിവരങ്ങള്‍! ശേഖരിച്ചതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ നാല് വിലാസങ്ങളെ സ്ഥിരീകരിച്ചിട്ടുള്ളു. അതു ഉന്നത ഉദ്യോഗസ്ഥര്‍ക്കു നല്‍കിയിട്ടുണ്ടെന്നും മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന് അറിയിച്ചു. അതേസമയം, ഈ വിലാസങ്ങളേതെന്നു അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. ദാവൂദ് ഇബ്രാഹിം താമസിക്കാനിടയുള്ള സ്ഥലങ്ങളും വിലാസങ്ങളും മന്ത്രാലയം നിരീക്ഷിച്ചുവരികയാണെന്നും ഇദ്ദേഹം വ്യക്തമാക്കി.
Discussion about this post