തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് നിയമസഭയ്ക്ക് മുമ്പിൽ പ്രതിഷേധിച്ച ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ ഉൾപ്പെടെയുള്ള ബിജെപി നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തതിൽ ശക്തമായ പ്രതിഷേധവുമായി യുവമോർച്ച. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കൊണ്ടും ബിജെപി നേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കൊണ്ടും നിയമസഭയിലേക്ക് മാർച്ച് നടത്തുമെന്ന് യുവമോർച്ച നേതൃത്വം അറിയിച്ചു.
അതേസമയം ദേശവിരുദ്ധർക്ക് താവളമൊരുക്കിയ മുഖ്യമന്ത്രി രാജിവെക്കും വരെ ബിജെപി പ്രതിഷേധം തുടരുമെന്ന് സുരേന്ദ്രൻ പറഞ്ഞു. തിരുവനന്തപുരം വിമാനത്താവള വികസനത്തിനെതിരായ പ്രമേയ ചർച്ചയിൽ ഒ.രാജഗോപാൽ എം.എൽ.എയെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് ജനാധിപത്യവിരുദ്ധമാണെന്ന് അദ്ദേഹം പറഞ്ഞു.
പ്രതിഷേധം ഒ.രാജഗോപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ സുരേന്ദ്രനെ കൂടാതെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറിമാരായ ജോർജ് കുര്യൻ, പി.സുധീർ, വൈസ് പ്രസിഡൻ്റ് വി.ടി രമ, സെക്രട്ടറിമാരായ എസ്.സുരേഷ്, സി.ശിവൻകുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Discussion about this post