തിരുവനന്തപുരം: തിരുവോണദിവസം ബെവ്കോ- കൺസ്യൂമർഫെഡ് ഷോപ്പുകൾക്ക് അവധി പ്രഖ്യാപിച്ചതിന് പിന്നാലെ ബാറുകളിലും മദ്യവിൽപ്പന തടഞ്ഞ് സർക്കാർ ഉത്തരവിറക്കി. കഴിഞ്ഞ വർഷം തിരുവോണദിവസം സർക്കാർ മദ്യവിൽപ്പനകേന്ദ്രങ്ങൾക്ക് അവധി നൽകിയിരുന്നു. ഈ വർഷം അത് ബാറുകൾക്കുകൂടി ബാധകമാക്കാൻ തീരുമാനിക്കുകയായിരുന്നു.
ബാറുകൾക്ക് ഓണക്കച്ചവടം നടത്താൻ വേണ്ടിയാണ് ബിവറേജസ് അടച്ചതെന്ന വിമർശനം കഴിഞ്ഞ തവണ ഉണ്ടായിരുന്നു. കോവിഡ് പശ്ചാത്തലത്തിൽ ബാറുകൾമാത്രം തുറന്നാൽ നിയന്ത്രണങ്ങൾ പാളുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.
ഇതോടെ ഞായറാഴ്ച കഴിഞ്ഞാൽ വ്യാഴാഴ്ച മാത്രമായിരിക്കും ഇനി മദ്യശാലകൾ തുറക്കുക. തിങ്കളാഴ്ച തിരുവോണം അവധി. സെപ്റ്റംബർ ഒന്ന് ചൊവ്വാഴ്ച ഡ്രൈ ഡേയാണ്. രണ്ടിന് ശ്രീനാരായണഗുരു ജയന്തി പ്രമാണിച്ച് മദ്യവിൽപ്പനക്ക് നിരോധനമുണ്ട്.
തുടർച്ചയായ അവധികൾ വരുന്നതിനാലും ഓണമായതിനാലും മദ്യം സ്റ്റോക്ക് ചെയ്യാൻ ഇന്ന് നിരവധി പേർ വിൽപ്പനശാലകളിൽ എത്തിയേക്കും. അങ്ങനെ വന്നാൽ തിരക്ക് വർദ്ധിക്കുന്നത് നിയന്ത്രണങ്ങളെ ബാധിക്കുമോയെന്ന് ആശങ്കയുണ്ട്. ആപ്പ് വഴി വിൽപ്പന പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇളവുകൾ അനുവദിച്ചത് പ്രതിസന്ധിയായേക്കും.
Discussion about this post