കോഴിക്കോട്: താമരശ്ശേരിയിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച നാല് യുവാക്കൾ പിടിയിൽ. 240 മില്ലി ഗ്രാം വരുന്ന 17 എല്‍എസ്ഡി സ്റ്റാമ്പും 790 മില്ലി ഗ്രാം എംഡിഎംഎ മയക്കുമരുന്നും പൊലീസ് പ്രതികളിൽ നിന്നും കണ്ടെടുത്തു.
സംഭവത്തിൽ ബാലുശ്ശേരി കരുമല താന്നിക്കല്‍ ശരത്ത് (24) ബാലുശ്ശേരി കിനാലൂര്‍ ഏഴുക്കണ്ടി താഴെമഠത്തില്‍ ജുബിന്‍ഷന്‍ (22), താമരശ്ശേരി തച്ചംപൊയില്‍ കുന്നുംപ്പുറം സക്കറിയ (27), ഉണ്ണികുളം ഉമ്മിണിക്കുന്ന് ചെറുവത്ത് പൊയില്‍ മുഹമ്മദ് ദില്‍ഷാദ് (23) എന്നിവരെ പൊലീസ് പിടികൂടി. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പൊലീസ് കസ്റ്റഡിയിൽ എടുത്തു.
ഓണം ലക്ഷ്യമിട്ട് ആവശ്യക്കാർക്ക് എത്തിക്കാനാണ് ഇവർ മയക്കുമരുന്ന് കടത്തിയത് എന്നാണ് സൂചന. താമരശ്ശേരി-മാനിപുരം റോഡില്‍ നിന്നാണ് ഇവർ പിടിയിലായത്.











