ലഡാക്ക്: ലേയിലെ തന്ത്രപ്രധാന മേഖലകളിൽ സേനാവിന്യാസം ശക്തമാക്കി ഇന്ത്യ. പാംഗോംഗ് സോ മേഖലയിൽ കഴിഞ്ഞ ദിവസം ചൈന പ്രകോപനം സൃഷ്ടിച്ചതിനെ തുടർന്നാണ് ഉയരങ്ങളിലെ നിർണ്ണായക മേഖലകളിൽ ഇന്ത്യ സൈനികരുടെ എണ്ണം വർദ്ധിപ്പിച്ചത്.
പാംഗോംഗ് തടകാത്തിന്റെ ദക്ഷിണ തീരങ്ങളിലെ സ്ഥിതിഗതികൾ കൃത്യമായി മനസ്സിലാക്കുന്നതിന് ഇന്ത്യ നിരീക്ഷണ സംവിധാനവും ശക്തമാക്കിയിട്ടുണ്ട്. കിഴക്കൻ ലഡാക്കിലെ പ്രതിരോധ- സുരക്ഷാ സാഹചര്യങ്ങൾ ഉന്നത ഉദ്യോഗസ്ഥർ നിരന്തരം വിലയിരുത്തു വരികയാണ്. പാംഗോംഗ് സോയിൽ ഉണ്ടായ പ്രകോപനത്തിന്റെ പശ്ചാത്തലത്തിൽ കരസേനാ മേധാവി എം എം നരവാനെ ഉന്നത ഉദ്യോഗസ്ഥരുടെ അടിയന്തര യോഗം വിളിച്ചിരുന്നു.
പാംഗോംഗ് തടാക മേഖലയിലെ ദക്ഷിണ തീരങ്ങളിലെ ഉയർന്ന പ്രദേശങ്ങളിൽ ആയുധധാരികളായ സൈനിക സംഘങ്ങളെയാണ് ഇന്ത്യ വിന്യസിച്ചിരിക്കുന്നത്. ഇത് ചൈനയ്ക്ക് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു. പ്രത്യേക പരിശീലനം നേടിയ സൈനിക സംഘത്തെയാണ് ഇന്ത്യ ഇവിടെ സജ്ജരാക്കി നിർത്തിയിരിക്കുന്നത്.
ചൈനയുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്ന നേരിയ ചലനം പോലും മനസ്സിലാക്കി ഉടനടി പദ്ധതികൾക്ക് രൂപം നൽകുന്നതിനായി മേഖലയിൽ വ്യോമസേനയും കർശനമായ നിരീക്ഷണം തുടരുകയാണ്.
Discussion about this post