പത്തനംതിട്ട : വനം വകുപ്പ് കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ മൃതദേഹം ഇന്ന് വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും.പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ഇതിനായി പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്.സിബിഐ ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിലായിരിക്കും റീപോസ്റ്റുമോർട്ടം നടക്കുക.നടപടികളെല്ലാം തന്നെ ക്യാമറയിൽ പകർത്തും.സിബിഐ ഉദ്യോഗസ്ഥരുടെ പ്രത്യേക ആവശ്യ പ്രകാരം, നെടുങ്കണ്ടം രാജ്കുമാറിന്റെ കസ്റ്റഡി മരണത്തിൽ റീ പോസ്റ്റ്മോർട്ടം നടത്തിയ പോലീസ് സർജൻമാരുടെ മൂന്നംഗ സംഘമാണ് മത്തായിയുടെ പോസ്റ്റുമോർട്ടം നിർവഹിക്കുക.പോസ്റ്റുമോർട്ട സമയത്തും, പുതിയ ഇൻക്വസ്റ്റ് തയ്യാറാക്കുമ്പോഴും മജിസ്ട്രേറ്റിന്റെ സാന്നിധ്യവും ഉണ്ടാകും.മൃതദേഹം സംസ്കരിക്കാതെ ഇരുന്നതിനാൽ കൂടുതൽ തെളിവുകൾ കിട്ടാൻ സാധ്യത ഉണ്ടാകുമെന്നാണ് സിബിഐ വിലയിരുത്തുന്നത്.
ശരീരത്തിൽ മർദ്ദനത്തിന്റെ പാടുകളും മുറിവുകളും ഉണ്ടായിരുന്നില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിനു പിന്നാലെയാണ് മത്തായിയുടെ ഭാര്യ സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത്.ആദ്യ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ, ശ്വാസകോശത്തിൽ വെള്ളം കയറിയതാണ് മരണകാരണമായി വ്യക്തമാക്കിയിരുന്നത്.












