മുംബൈ : സ്ഥിരം ജീവനക്കാർക്ക് സന്നദ്ധ റിട്ടയർമെന്റ് പദ്ധതിയുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ.30,190 ജീവനക്കാരെ ലക്ഷ്യമിട്ടാണ് എസ്.ബി.ഐയുടെ വി.ആർ.എസ് പാക്കേജുകളെന്ന് പ്രമുഖ ദേശീയ മാധ്യമമായ ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു.
ഈ സാമ്പത്തിക വർഷത്തിലെ കണക്കുപ്രകാരം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഇന്ത്യയിൽ ആകെ മൊത്തം 2,49,000 ജീവനക്കാരുണ്ട്. ബാങ്ക് തയ്യാറാക്കിയ സെക്കൻഡ് ഇന്നിംഗ്‌സ് ടാപ് വി.ആർ.എസ് 2020 എന്ന സന്നദ്ധ റിട്ടയർമെന്റ് പദ്ധതി ബോർഡ് അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും പിടിഐ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്റ്റേറ്റ് ബാങ്കിന്റെ മാനവവിഭവ ശേഷിയും ചെലവുകളും കണക്കിലെടുത്താണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്. ജോലിസംബന്ധമായി വ്യക്തിപരമായ പ്രശ്നങ്ങളുള്ളവർക്കും, സ്വമേധയാ വിരമിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു അവസരമെന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്.
25 വർഷം സേവനമനുഷ്ഠിക്കുകയോ 55 വയസ്സ് പൂർത്തിയാവുകയോ ചെയ്ത എല്ലാ സ്ഥിര ഉദ്യോഗസ്ഥർക്കും ഈ പദ്ധതി തെരഞ്ഞെടുക്കാൻ അവസരമുണ്ട്.ഡിസംബർ ഒന്നിനായിരിക്കും പദ്ധതി ആരംഭിക്കുക. യോഗ്യതാ മാനദണ്ഡമനുസരിച്ച് നോക്കിയാൽ 11,565 ഓഫീസർമാർക്കും 18,625 സ്റ്റാഫ് അംഗങ്ങൾക്കും പദ്ധതിക്ക് അർഹതയുണ്ട്.
Discussion about this post