ശ്രീനഗർ : ജമ്മുകശ്മീരിലെ കുൽഗാമിൽ വെച്ച് ഭീകരവാദികളെന്ന് സംശയിക്കപ്പെടുന്ന രണ്ടു പേരെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. ജമ്മുകശ്മീർ പൊലീസും സൈന്യവും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് കുൽഗാമിലെ ജവഹർ ടണലിനു സമീപത്തെ ഹൈവേയിലൂടെ വരികയായിരുന്ന ഭീകരവാദികളെ പിടികൂടിയത്. ഇവരോടിച്ചിരുന്ന ട്രക്കിൽ നിന്നും വൻ ആയുധശേഖരം കണ്ടെടുത്തിട്ടുണ്ട്. ഒരു എകെ 47 റൈഫിൾ, ഒരു എം4 യുഎസ് കാർബൈൻ, 6 ചൈനീസ് പിസ്റ്റളുകൾ, മാഗസിനുകൾ എന്നിവയാണ് ഇവരിൽ നിന്നും പിടിച്ചെടുത്തതെന്ന് ശ്രീനഗറിലെ ഡിഫൻസ് പബ്ലിക് റിലേഷൻ യൂണിറ്റ് വ്യക്തമാക്കി.
ജമ്മുവിൽ നിന്നും ശ്രീനഗറിലേക്ക് ആയുധങ്ങൾ വഹിച്ചുകൊണ്ട് ഒരു ട്രക്ക് പുറപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ഭീകരവാദികളെ പിടികൂടാനായതെന്ന് ജമ്മു കശ്മീർ പോലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾക്കായി ഇരുവരെയും പോലീസ് ചോദ്യം ചെയ്ത് വരികയാണ്.
Discussion about this post