ഡൽഹി : ഫ്രഞ്ച് നിർമിത യുദ്ധവിമാനങ്ങളായ ഡസോ റഫാലുകൾ നാളെ ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാകും. ആയുധങ്ങൾ ഘടിപ്പിച്ച് ആക്രമണ സജ്ജമായ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമാകുന്ന ഔദ്യോഗിക ചടങ്ങിൽ പങ്കെടുക്കാൻ ഫ്രഞ്ച് പ്രതിരോധ മന്ത്രി ഫ്ലോറൻസ് പാർലി ഇന്ത്യയിലെത്തും. സെപ്റ്റംബർ 10നാണ് ചടങ്ങുകൾ നടക്കുക.അംബാല വ്യോമതാവളത്തിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങും ഇന്ത്യൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ആർകെഎസ് ബദൗരിയയും ഫ്ലോറൻസ് പാർളിയെ സ്വീകരിക്കും. കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആകെ രണ്ടു തവണ മാത്രമാണ് ഫ്രഞ്ച് പ്രതിരോധമന്ത്രി ഇന്ത്യ സന്ദർശിക്കാനെത്തിയിട്ടുള്ളത്.
പ്രതിരോധ രംഗത്ത് ഇന്ത്യയുമായുള്ള സഹകരണം ശക്തിപ്പെടുത്തുകയാണ് ഫ്ലോറൻസ് പാർലി ഇന്ത്യയിലേക്കെത്തുന്നതിന്റെ ഉദ്ദേശമെന്ന് ഫ്രഞ്ച് എംബസി വ്യക്തമാക്കി. ചടങ്ങുകൾക്കു ശേഷം ഇന്ത്യൻ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായും ഫ്ലോറൻസ് പാർലി കൂടിക്കാഴ്ച്ച നടത്തും. മാത്രമല്ല, വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്കായി ഡൽഹിയിലുള്ള നാഷണൽ വാർ മെമ്മോറിയലിൽ ഫ്രഞ്ച് പ്രതിരോധ മന്ത്രി പുഷ്പാർച്ചന നടത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
Discussion about this post