പനിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഉടന്‍ ഏതെങ്കിലും ആന്റിബയോട്ടിക് ഗുളിക മെഡിക്കല്‍ സ്റ്റോറില്‍ നിന്നും വാങ്ങി ഉപയോഗിക്കുന്നവരാണ് നമ്മളില്‍ ഏറെയും പേര്. ഇത്തരം സ്വയം ചികിത്സകൊണ്ട് പനിക്കും അസ്വസ്ഥതകള്‍ക്കും ശമനം ലഭിക്കുമെങ്കിലും ശരീരത്തില്‍ ഈ മരുന്നുകള്‍ എപ്രകാരം പ്രവര്‍ത്തിക്കുമെന്ന് പറയാനാവില്ല. ഇതിന്റെ ദൂഷ്യവശങ്ങള്‍ മനസ്സിലാക്കേണ്ടത് അനിവാര്യമാണ്.
പകര്‍ച്ചപ്പനി ഉള്‍പ്പെടെയുള്ള പനികള്‍ക്കെതിരെ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ആന്റിബയോട്ടിക്കുകള്‍കൊണ്ട് സ്വയം ചികിത്സ ഒരിക്കലും പാടില്ല. ഡോക്ടറെ കണ്ട് ആന്റിബയോട്ടിക്കുകള്‍ കുറിച്ചുതരണമെന്ന് ആവശ്യപ്പെടുന്നതും ഒഴിവാക്കണം.
ആന്റിബയോട്ടിക്കുകള്‍
ബാക്ടീരിയ, ഫംഗസ് (പൂപ്പല്‍) തുടങ്ങിയ അണുക്കള്ക്കെതിരെയാണ് ആന്റിബയോട്ടിക്കുകള്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുന്നത്. വൈറസിനെ നശിപ്പിക്കാന്‍ ഇവയ്ക്കാവില്ല എന്നതാണ് വാസ്തവം.
ജലദോഷപ്പനി വൈറസ്ബാധകൊണ്ടാണ് തുടങ്ങുന്നതെങ്കിലും ശരീരത്തിന്റെ രോഗപ്രതിരോധശേഷി തകരാറിലാവുന്നതുകൊണ്ട് പലപ്പോഴും ബാക്ടീരിയകൂടി ശരീരത്തില്‍ കടന്നുകൂടി രോഗിയുടെ നില കൂടുതല്‍ വഷളാക്കും.
മൂക്കില്‍നിന്നും പുറത്തേക്കുവരുന്ന സ്രവം മഞ്ഞനിറമാകുന്നതും, കഫത്തോടുകൂടിയ ചുമയും, ചുമച്ചു തുപ്പുന്ന കഫത്തിന് മഞ്ഞനിറമാകുന്നതും ബാക്ടീരിയ കടന്നുകൂടി രോഗാണുബാധ ഉണ്ടാകുന്നതിന്റെ ലക്ഷണമാണ്.
തലയ്ക്കുള്ളിലെ വായു അറകളിലുള്ള സ്രവത്തില്‍ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നതിന്റെ ഫലമായി തലവേദനയും ഉണ്ടാകും. ഇത്തരം അവസ്ഥയില്‍ പനിയും തുമ്മലും പെട്ടെന്ന് പിടിച്ചുനിര്‍ത്തുന്നത് രോഗം ഗുരുതരമാക്കും. തുമ്മല്‍ നിര്‍ത്താന്‍ ഫിനറമിന്‍ മാലിയേറ്റ്, അവില്, ക്ലോര്‍ഫിനറമിന്‍ മാനിയേറ്റ്, സെറ്റൈറിസ് തുടങ്ങിയ അലര്ജിവിരുദ്ധ മരുന്നുകള്‍ ഒഴിവാക്കണം.
കാരണം ബാക്ടീരിയ ഉള്‍പ്പെട്ട സ്രവങ്ങള്‍ ശരീരത്തില്‍നിന്ന് പുറന്തള്ളപ്പെടുന്നതിനു പകരം വായുഅറകളില്‍ കട്ടപിടിച്ച് സ്ഥിരമായിരുന്ന് കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതിന് ഇടയാക്കും. കൂടാതെ ചികിത്സ സങ്കീര്‍ണ്ണമാക്കുകയും ചെയ്യും.
ഡോക്ടറെ കണ്ടശേഷം ഡോക്ടര്‍ കുറിക്കുന്ന ആന്റിബയോട്ടിക്കുകളാണ് ഈ അവസ്ഥയില്‍ ബാക്ടീരിയബാധയ്ക്കെതിരെ ഗുണം ചെയ്യുന്നത്.
ചുമയും മരുന്നും
പനിയെത്തുടര്‍ന്നുണ്ടാകുന്ന പ്രധാന അസുഖമാണ് ചുമ. ഏതു വിധേനയും ചുമ മാറ്റിയെടുക്കാനുള്ള ശ്രമമാവും പിന്നീട്. മരുന്നുകടയില്‍ കിട്ടുന്ന ചുമ മരുന്നുകളെല്ലാം മാറി ഉപയോഗിച്ചു നോക്കും. ഏതു മരുന്നാണ് ഗുണം ചെയ്യുന്നതെന്ന് പറയാനാവില്ലല്ലോ എന്ന് പലരും പറഞ്ഞു കേള്‍ക്കാറുമുണ്ട്.
ചുമ പിടിച്ചുനിര്‍ത്താന്‍ ഏതെങ്കിലും ചുമ മരുന്ന് വാങ്ങിക്കഴിച്ച് സ്വയം ചികിത്സ നടത്തുന്ന പ്രവണത കൂടുതലാണ്. ചുമ പൊതുവേ രണ്ടുതരമുണ്ട്.
കഫത്തോടുകൂടിയതും കഫമില്ലാത്തതും. രണ്ടിനും രണ്ടുവിഭാഗം മരുന്നുകളാണ് കഴിക്കേണ്ടത് എന്ന കാര്യം സാധാരണക്കാര്‍ക്ക് അറിയണമെന്നില്ല. അതിനാല്‍ മരുന്നുകടയില്‍ നിന്നും വാങ്ങിയതോ വീട്ടില്‍ മറ്റാര്‍ക്കെങ്കിലും വാങ്ങിയ ചുമ മരുന്ന് ഉപയോഗിച്ചതുകൊണ്ടോ ചുമ മാറണമെന്നില്ല.
ജലദോഷപ്പനിക്കുശേഷം കഫത്തോടുകൂടിയ ചുമയാണ് പൊതുവേ കണ്ടുവരുന്നത്. ഉള്ളിലുള്ള രോഗാണുബാധയെ കഫംവഴി ശരീരം പുറന്തള്ളുന്ന പ്രക്രിയയാണിത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കഫം കട്ടപിടിക്കാതെ അയഞ്ഞുകിട്ടാനും അവയെ പുറന്തള്ളാനും സഹായിക്കുന്ന ചുമമരുന്നുകളാണ് കഴിക്കേണ്ടത്.
മുഖത്തും നെഞ്ചുഭാഗത്തും ആവിപിടിക്കുന്നതും ധാരാളമായി തിളപ്പിച്ചാറിയ വെള്ളം കുടിക്കുന്നതും കഫം അയഞ്ഞുകിട്ടാന് സഹായിക്കും. ഇവ മരുന്നുകളോടൊപ്പം ഗുണം ചെയ്യും.
Discussion about this post