വാഷിംഗ്ടൺ; 1,000 ദിവസത്തോളം ആർത്തവം നീണ്ടുനിന്നുവെന്ന വെളിപ്പെടുത്തലുമായി യുവതി. അസ്വാഭാവികമായ ഈ അവസ്ഥ സംബന്ധിച്ച് പല ഡോക്ടർമാരെയും സമീപിച്ചെങ്കിലും അടുത്തിടെയാണ് കാരണം കണ്ടെത്താൻ സാധിച്ചതെന്നും യുഎസ് സ്വദേശിയായ പോപ്പി എന്ന യുവതി വെളിപ്പെടുത്തി. മൂന്നുവർഷത്തോളം നീണ്ടുനിൽക്കുന്നതായിരുന്നു പോപ്പിയുടെ ആർത്തവദിനങ്ങൾ. ആർത്തവം ആരംഭിച്ച് രക്തസ്രാവം രണ്ടാഴ്ച പിന്നിട്ടപ്പോൾ തന്നെ പരിശോധനകൾക്കു വിധേയമായി.
സ്‌കാനിങ്ങിൽ അണ്ഡാശയത്തിൽ സിസ്റ്റുകൾ കണ്ടെത്തിയെങ്കിലും പോപ്പിയെ ചികിത്സിച്ച ഡോക്ടർമാർക്കൊന്നും യഥാർഥ കാരണം മനസ്സിലായില്ല. രക്തസ്രാവം നീണ്ടു നിൽക്കുന്നതിനാല് തന്റെ ശരീരത്തിൽ അയേണിന്റെ അളവ് കുറഞ്ഞ് പേശികളിലെല്ലാം കഠിനവേദന അനുഭവപ്പെട്ടതായും പോപ്പി പറയുന്നു. കടുത്ത തലവേദനയും ക്ഷീണവും ഉണ്ടായി. ആർത്തവം മൂന്നുമാസം നീണ്ടു നിന്നപ്പോൾ പോപ്പിക്ക് പിസിഒഎസ് ഉണ്ടെന്നു വ്യക്തമായി. തുടർന്ന് മരുന്നുകൾ കഴിച്ചെങ്കിലും രക്തസ്രാവം തുടരുകയും കടുത്ത നിരാശയിലാവുകയും ചെയ്‌തെന്നും യുവതി കൂട്ടിച്ചേർത്തു.
എംആർഐയും അൾട്രാസൗണ്ടും ചെയ്‌തെങ്കിലും ഫലമുണ്ടായില്ല. ഇതുമൂലമുണ്ടായ കടുത്ത മാനസികാഘാതം വിഷാദരോഗത്തിലേയ്ക്കും വഴിതെളിച്ചു. ആർത്തവം തുടങ്ങി 950-ാം ദിവസമാണ് പോപ്പിയുടെ ദുരിതത്തിന് അറുതിയായത്. ടിക് ടോക് ഫോളോവർമാരിൽ ചിലർ മുന്നോട്ടുവച്ച നിർദേശം നിർണായകമാവുകയായിരുന്നു.
തനിക്ക് ‘ബൈകോർണുവേറ്റ് ഗൾഭപാത്രം’ എന്ന അപൂർവമായ രോഗാവസ്ഥയാണെന്ന് കണ്ടെത്തിയതായി പോപ്പി വെളിപ്പെടുത്തി. ‘ഹൃദയത്തിന്റെ രൂപമുള്ള ഗർഭപാത്രം’ എന്നും ഈ അവസ്ഥയ്ക്ക് പേരുണ്ട്. ഗർഭപാത്രം രണ്ട് അറകളായി വിഭജിക്കുന്ന അവസ്ഥയാണിത്. ആർത്തവം തുടങ്ങി നാലാം മാസത്തെ അൾട്രാസൗണ്ട് സ്‌കാനിംഗിൽ ഇത് കണ്ടെത്തിയെങ്കിലും ആർത്തവം നീണ്ടുനിൽക്കുന്നതിന്റെ കാരണം ഇതാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. സ്‌കാനിങ്ങിൽ ഗർഭപാത്രത്തിന്റെ ആകൃതിയിലെ വ്യത്യാസം തുടക്കത്തിൽ തന്നെ കണ്ടെത്തിയിരുന്നെങ്കിലും അത് ഡോക്ടർമാർ കാര്യമാക്കാതിരുന്നതിൽ തനിക്ക് അതിശയം തോന്നുന്നെന്നും പോപ്പി പറഞ്ഞു.
അഞ്ച് ശതമാനം സ്ത്രീകളിൽ മാത്രം കണ്ടുവരുന്ന അപൂവ രോഗാവസ്ഥയാണ് ‘ബൈകോർണുവേറ്റ് ഗൾഭപാത്രം’. നീണ്ടുനിൽക്കുന്ന ആർത്തവം, അതികഠിനമായ വേദനയോടുകൂടിയ ആർത്തവം, പെൽവിക് അസ്വസ്ഥതകൾ ഇതിന്റെ ലക്ഷണങ്ങളാണ്. എന്നാൽ പലരിലും ഈ ലക്ഷണങ്ങൾ കണ്ടുവരാറില്ല. പോപ്പിയുടെ ഈ രോഗാവസ്ഥയാണ് 1000 ദിവസത്തോളം നീണ്ടുനിന്ന ആർത്തവത്തിന്റെ കാരണമെന്നാണ് നിഗമനം.
Discussion about this post