കാർഷിക ബില്ലുമായി ബന്ധപ്പെട്ട് കർഷകർക്കിടയിൽ ആശയക്കുഴപ്പം സൃഷ്ട്ടിക്കുന്നതിന് ചിലർ മുന്നിട്ടിറങ്ങിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കാർഷിക ബില്ലിലൂടെ പുതിയതായി കൊണ്ടുവന്ന പരിഷ്കരണങ്ങളിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി ഹർസിമ്രത് കൗർ ബാദൽ ഇന്നലെ രാജി വെച്ചിരുന്നു. അതിനു പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്.
“ഒരുപാട് ശക്തികൾ കർഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കാർഷിക മേഖലയിലെ ദുരിതങ്ങളിൽ നിന്നും കർഷകരെ ഈ ബില്ല് സംരക്ഷിക്കുകയും ഇതിലൂടെ കർഷകർക്ക് ഇടനിലക്കാരെ ഒഴിവാക്കാൻ സാധിക്കുകയും ചെയ്യും” – പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഈ ബില്ല് നിയമമായി പ്രാബല്യത്തിൽ വരുന്നതോടെ കർഷകർക്ക് മുന്നിൽ കൂടുതൽ വഴികൾ തെളിയുകയാണെന്ന് അദ്ദേഹം പറഞ്ഞു.ഇന്നലെയാണ് രാത്രി 9.45 വരെ നീണ്ട ചർച്ചകൾക്കൊടുവിൽ കാർഷിക ബിൽ ലോകസഭ പാസാക്കിയത്.









